കോട്ടയം: കോട്ടയം ജില്ലയിൽ ഗ്രാമപഞ്ചായത്ത് പരിധികളിൽ വാർഡ് തലത്തിലുള്ള മസ്റ്ററിങ് ക്യാമ്പുകൾ പുരോഗമിക്കുന്നു. 2025 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ/വിധവ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം.
പെൻഷൻ ഗുണഭോക്താക്കൾ ഈ മാസം 30 നുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിന് പുറമെ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർക്ക് വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന മസ്റ്ററിങ് ക്യാമ്പുകൾ വഴി പെൻഷൻ മസ്റ്ററിങ് നടത്താവുന്നതാണ്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ തുടങ്ങിയവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തും. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരിശോധിച്ച് പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക.
വിശദവിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരുമായോ വാർഡുകളിലെ ആശാ പ്രവർത്തകരുമായോ അക്ഷയ കേന്ദ്രങ്ങളുമായോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം.