മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണം: മലയാള മനോരമയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം സൈബർ പൊലീസ്.


കോട്ടയം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്. മലയാള മനോരമ നല്‍കിയ പരാതിയിലാണ് നടപടി. അധിക്ഷേപ പ്രചാരണം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മലയാള മനോരമക്കും അന്തരിച്ച മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടൻ്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിലും മലയാള മനോരമയുടെ കോട്ടയം ഓഫിസിലേക്ക് വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെയുമാണ് മനോരമ കോട്ടയം സൈബർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

എസ് വി വൈബ്‌സ് എന്ന ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ എസ് വി അരുൺലാൽ, ഫേസ്‌ബുക്ക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ, മനോരമയുടെ ഓഫിസിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞ ഫോൺ നമ്പർ ഉടമ എന്നിവർക്കെതിരെയാണ് കേസ്. വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അധിക്ഷേപ പരാമര്‍ശം നടത്തിയ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മെറ്റയ്ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. 15ലേറെ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വിവരം. സൈബർ ക്രൈം ഇൻസ്പെക്‌ടർ ബി എസ് ആദർശാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു വ്യക്തമാക്കി. കൊച്ചിയിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. രണ്ടായിരത്തിലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. കോട്ടയം സൈബർ ക്രൈം പൊലീസ് നാലുപേർക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.