ഒന്നല്ല...മൂന്നല്ല, ജില്ലയിൽ പ്രഖ്യാപിത-അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ ജനം വലയുന്നു, രാത്രിയും പകലും കറന്റ് പോകുന്നത് നിരവധി തവണ, വിവിധയിടങ്ങളിൽ പ്ര


കോട്ടയം: ഒന്നല്ല...മൂന്നല്ല..... വന്നു....പോയി....., ജില്ലയിൽ പ്രഖ്യാപിത-അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ ജനം വലയുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജില്ലയിൽ വൈദ്യുതി മുടക്കത്തിൽ ജനം വീശിത്തളരുകയാണ്. രാത്രിയിലെ വൈദ്യുതി മുടക്കമാണ് ജനങ്ങളെ വലയ്ക്കുന്നത്.

പകലത്തെ അതികഠിനമായ ചൂടിന്റെ ആലസ്യം രാത്രി പുലർച്ചെ വരെ നിൽക്കുമെന്നതിനാൽ രാത്രി കറന്റ് പോകുന്നതോടെ ഉറക്കവും പോകും. കൊച്ചു കുഞ്ഞുങ്ങളെന്നോ മുതിർന്നവരെന്നോ വേർതിരിവില്ലാതെ കറന്റ് പോകുന്നതിനു പിന്നാലെ ഉറക്കവും നഷ്ടപ്പെടുന്നു. അരമണിക്കൂർ വീതം ഒന്നിലധികം തവണയാണ് ഇപ്പോൾ വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്. രാത്രിയിലെ പ്രഖ്യാപിത വൈദ്യുതി മുടക്കത്തിനൊപ്പം പകൽ അപ്രഖ്യാപിത വൈദ്യുതി മുടക്കവും പതിവായിരിക്കുകയാണ്.

രാത്രിയും പകലും അസഹനീയമായ ചൂട് തുടരുമ്പോൾ വൈദ്യുതി മുടക്കം കൂടി ആകുമ്പോൾ ജനം നട്ടം തിരിയുകയാണ്. പകൽ അതികഠിനമായ ചൂടും രാത്രി ആവി വീടുകളിൽ തങ്ങി നിൽക്കുന്നതും ഫാനോ എസിയോ ഇല്ലാതെ കഴിയില്ല എന്ന അവസ്ഥയിലായിരിക്കുകയാണ്. രാത്രി പലതവണ വൈദ്യുതി മുടക്കം പതിവായതോടെ പലരും ഇപ്പോൾ വീടിനു പുറത്തേക്ക് ഉറക്കം മാറ്റിയിട്ടുണ്ട്. പുറത്ത് കൊതുകിന്റെ ശല്യവുമുണ്ട്.

രാത്രിയും പകലും കറന്റ് പോകുന്നത് നിരവധി തവണ ആയതോടെ ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിവിധയിടങ്ങളിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനമുൾപ്പടെ നടത്തുന്നുണ്ട്. രാത്രി തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്ന ആവശ്യത്തിലാണ് ജനങ്ങൾ. പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ പലതവണ വൈദ്യുതി മുടക്കം പതിവാകുന്നുണ്ട്. പകൽ ജോലിയുടെ ക്ഷീണം കാരണം രാത്രി ആവിയെ വകവെയ്ക്കാതെ ഉറങ്ങാൻ കിടക്കുമ്പോഴാണ് ഈ വൈദ്യുതി മുടക്കം. ഇതോടെ ഉറക്കവും പോകും. രാത്രിയിലെ വൈദ്യുതി മുടക്കം ക്രൂരതയാണെന്നും ജനങ്ങൾ പറയുന്നു.