കോട്ടയം: ഒരു നാട് മുഴുവനും പ്രാർത്ഥനകളോടെയും പ്രതീക്ഷയോടെയും കാത്തിരുന്നിട്ടും പ്രാർത്ഥനകളെയും പ്രതീക്ഷകളെയും വിഫലമാക്കി കുഞ്ഞു മാലാഖ യാത്രയായി. ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചികിത്സയിലായിരുന്ന മേലുകാവ് തുണ്ടത്തിൽ സുനിൽ ചാക്കോയുടെയും അതുല്യ സുനിലിന്റെയും മകൾ ആൻ മരിയ (1) യാണ് വിടവാങ്ങിയത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യാവസ്ഥ പിന്നീട് ഗുരുതരമാകുകയായിരുന്നു. കോട്ടയം ഇഎസ്ഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഏകദേശം 30 ലക്ഷം രൂപയോളം ആവശ്യമായ സാഹചര്യത്തിൽ നിർധന കുടുംബത്തെ സഹായിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും വിവിധ സംഘടനകളും ഒരുമിച്ച് പണം സ്വരൂപിക്കാൻ രംഗത്തെത്തിയിരുന്നു.
എന്നാൽ ചികിത്സ തുടരുന്നതിനിടെ നാടിനെ കണ്ണീരിലാഴ്ത്തി ആൻ മരിയ യാത്രയാകുകയായിരുന്നു. കുഞ്ഞുചിരി മാഞ്ഞുപോകാതിരിക്കാനായി ഒരു നാട് മുഴുവൻ കൈകോർത്തു നിന്നെങ്കിലും ഒരുപിടി കണ്ണീരോർമ്മയായി ആ കുഞ്ഞുമാലാഖ പറന്നകലുകയായിരുന്നു.