മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ തീക്കോയി, പൂഞ്ഞാർ തെക്കേക്കര മേഖലകളിൽ എംപിയും എംഎൽഎ യും സന്ദർശിച്ചു.


പൂഞ്ഞാർ: ഇന്നലെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ തീക്കോയി, പൂഞ്ഞാർ തെക്കേക്കര മേഖലകൾ പത്തനംതിട്ട എംപി ആന്റോ ആന്റണി, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എംജെ എന്നിവർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ദുരിത ബാധിതർക്ക് എല്ലാ രീതിയിലുമുള്ള സഹായവുമായി സർക്കാർ സംവിധാനങ്ങളുമുണ്ടാകുമെന്നു ഇരുവരും ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് മേഖലയിൽ അതിശക്തമായ മഴയും തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. അതിശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇന്നലെ നഷ്ടമായത് 2 ജീവനുകളാണ്. ഇന്നലെ വൈകിട്ടുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ രാത്രിയിലും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആവശ്യമായവർക്ക് വൈദ്യ സാഹായം ലഭ്യമാക്കാനും എംഎൽഎ സെബാസ്റ്റ്യൻ എംജെ ദുരിത ബാധിതർക്കൊപ്പമുണ്ടായിരുന്നു.

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഇന്നലെ രാത്രി തന്നെ എംഎൽഎ സന്ദർശിക്കുകയും അവരുടെ ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച വിവരങ്ങളും ഡോക്ടറുമായി സംസാരിക്കുകയും ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. പെരിങ്ങുളം ഉറവപ്ലാവിൽ ചേലകാട്ട് ജോസഫ് (അപ്പച്ചൻ–80) ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. വീടിനു പിന്നിലെ മൺ‌തിട്ട ഇടിഞ്ഞുവീണാണ് ഇന്നലെ അപകടം ഉണ്ടായത്.

തീക്കോയി,തലനാട്,പൂഞ്ഞാർ, അടിവാരം,വാഗമൺ മേഖലയിൽ ആണ് ഇന്നലെ വൈകുന്നേരത്തോടെ അതിശക്തമായ മഴ പെയ്തത്. തീക്കോയി-വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ 2 കാറുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിഞ്ഞുവീണ് വിനോദ സഞ്ചാരിയായ യുവതിയും മരണപ്പെട്ടു. തമിഴ്നാട് ചെന്നൈ സ്വദേശിനി സംഗീത അരുൾലാൽ(35) ആണ് മരിച്ചത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫും ഭാര്യ കുഞ്ഞുഞ്ഞുമ്മയും അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി. ഇവരെ സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്.

Next
This is the most recent post.
Previous
Older Post