കോട്ടയം: അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ കോട്ടയം-തൃശൂർ സ്വദേശിനികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്.
കേസില്‍ അറസ്റ്റിലായ ഇരുവരുടെയും ഉറ്റസുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ വിചാരണ നടപടികൾ സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ പുരോഗമിക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ 8 മണിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. പോസ്റ്റ്‌മോർട്ടം, എംബാം, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണു മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. അഞ്ജനയുടെ സംസ്കാരം അന്നു വൈകിട്ടു വീട്ടുവളപ്പിൽ നടക്കും.
ആനിന്റെ സംസ്കാരം ഭർത്താവിന്റെ ഇടവകയായ ചിങ്ങവനം സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ ചൊവ്വാഴ്ച നടത്തിയേക്കും. ആൻഡ്രീന(13 വയസ്സ്), അലീസ(5 വയസ്സ്) എന്നിവരാണ് മക്കൾ. മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ നോർക്ക അധികൃതർ സൗകര്യമൊരുക്കും.
2026 ആഗസ്റ്റ് 28-ന് കലിഫോർണിയയിലെ സാനോസെ, മിൽപിറ്റാസ് എന്നീ രണ്ട് നഗരങ്ങളിലായി ഒന്നര മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയതിനാണ് അനിലയ്ക്കെതിരെ കലിഫോർണിയ പീനൽ കോഡ് 187(a) പ്രകാരം രണ്ട് കൊലക്കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
കോട്ടയം സ്വദേശിനിയായ ആൻ മേരിയെ കത്തി ഉപയോഗിച്ച് കുത്തിയും ശ്വാസം മുട്ടിച്ചും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജനയെ ഫ്ലാറ്റിൽ നിന്നും വിളിച്ചിറക്കി സ്വന്തം കാറുപയോഗിച്ച് ഇടിച്ചുമാണ് കൊലപ്പെടുത്തിയത്.