കോട്ടയം: ബധിരയും മൂകയുമായ വൃദ്ധയ്ക്ക് വീട് വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷൻ നൽകി മാതൃകയായിരിക്കുകയാണ് കെഎസ്ഇബി പെരുവ സെക്ഷൻ ഓഫീസ് ജീവനക്കാർ.

കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്ത് ഒൻപതാം വാർഡിലെ താമസക്കാരിയായ അമ്മിണി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കെഎസ്ഇബി ജീവനക്കാർ തികച്ചും സൗജന്യമായി വൈദ്യുതി വെളിച്ചം എത്തിച്ചത്. 72 കാരിയായ അമ്മിണിയുടെ വീട്ടിൽ വയറിംഗ് നടത്തി ലൈറ്റുകളും ഫാനും ഘടിപ്പിച്ച് ഒരു പോസ്റ്റുൾപ്പെടെ സ്ഥാപിച്ചാണ് കണക്ഷൻ നൽകിയത്.

വയറിംഗിൻ്റെ ചെലവ് ജീവനക്കാർ തന്നെ വഹിച്ചു. സ്വിച്ചോൺ കർമ്മം സെക്ഷൻ ഓഫീസ് അസിസ്റ്റൻ്റ് എഞ്ചിനീയർ സ്മിത കെ വി നിർവ്വഹിച്ചു. കഴിഞ്ഞ വർഷവും നിർദ്ധനയായ വനിത താമസിക്കുന്ന ഒറ്റമുറി വീട് വയറിംഗ് നടത്തി കണക്ഷൻ നൽകി പെരുവ സെക്ഷൻ ഓഫീസ് ജീവനക്കാർ മാതൃക കാട്ടിയിരുന്നു.

ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടിൽ വെളിച്ചമെത്തിച്ചു ജീവകാരുണ്യത്തിന്റെ വേറിട്ട മാതൃകയായി മാറിയിരിക്കുകയാണ് പെരുവ കെഎസ്ഇബി. നിശ്ശബ്ദതയുടെ ഇരുളിൽ കഴിഞ്ഞിരുന്ന ആ വൃദ്ധയുടെ ജീവിതത്തിലേക്ക് വെളിച്ചം പകർന്ന് പെരുവ കെഎസ്ഇബിയിലെ ജീവനക്കാർ കാട്ടിയത് കേവലം ഒരു ജോലി മാത്രമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ മാഞ്ഞുപോകാത്ത കൈയൊപ്പാണ്. ഇതോടെ നിശ്ശബ്ദത നിറഞ്ഞ വീട്ടിൽ പ്രകാശത്തിന്റെ നന്മപ്പെരുമ തെളിഞ്ഞിരിക്കുകയാണ്. പെരുവ കെഎസ്ഇബി ജീവനക്കാരുടെ പ്രവർത്തിയിൽ നന്മ വറ്റാത്ത മനസ്സുകൾക്ക് മുന്നിൽ ഇരുട്ട് വഴിമാറും എന്ന് ആശംസിച്ചു നാട് അഭിനന്ദിക്കുകയാണ്.