കോട്ടയം: കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. 19 വാർഡുകളുള്ള പഞ്ചായത്തിലെ 8064 വീടുകളിൽ 7924 വീടുകളും പ്രളയഭീഷണിയിലാണ്. ചെങ്ങളം,കിളിരൂർ മേഖലകളിലും വീടുകളിൽ വെള്ളം കയറി. താഴഞ്ഞങ്ങാടി,പാറപ്പാടം,വേളൂർ തുടങ്ങിയ മേഖലകളിൽ റോഡുകളിലും വീടുകളിലും വെള്ളം കയറി. മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കോട്ടയം നാഗമ്പടത്തും എം.സി റോഡിലടക്കം കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ തുടർച്ചയായുള്ള മഴ മാറി നിൽക്കുകയാണെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. ചങ്ങനാശ്ശേരി,കോട്ടയം മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മഴ ശമിച്ചെങ്കിലും വെള്ളം ഇറങ്ങി പോകാൻ ഇനിയും സമയം എടുക്കുമെന്നതിനാൽ മഴക്കെടുതി തുടരുകയാണ്. കുമരകം,ഇല്ലിക്കൽ,അയ്മനം, ആർപ്പൂക്കര മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.ഇറഞ്ഞാലിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡിൽ വെള്ളം കയറിയിരിക്കുന്നതിനാൽ വാഹന ഗതാഗതം സാധ്യമല്ല. കിഴക്കൻ മേഖലകളിൽ മഴ മാറി നിന്നാൽ അടുത്ത രണ്ടു ദിവസങ്ങൾക്കൊണ്ടു മാത്രമേ ഈ മേഖലകളിൽ വെള്ളമിറങ്ങി സാധരണ രീതിയിലേക്ക് മാറുകയുള്ളൂ. പുതുപ്പള്ളി ഭാഗത്തും റോഡിൽ വെള്ളക്കെട്ട് തുടരുകയാണ്. കാരാപ്പുഴ ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. നിലവിൽ ജില്ലയിൽ നൂറിലധികം ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.
