കോട്ടയം: കലിതുള്ളി പെയ്തു തുടങ്ങി മീനച്ചിലാറിനെയും മണിമലയാറിനെയും കരകവിയിച്ച ദുരിതപ്പെയ്ത്തിനു ജില്ലയിൽ ശമനം. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ഇന്നലെ രാത്രി മുതൽ മഴയ്ക്ക് ശമനമുണ്ടായി.

ഇന്ന് രാവിലെ മുതൽ ജില്ലയിൽ മഴ ശമിച്ചിട്ടുണ്ട്. അതേസമയം ജില്ലയുടെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴ പെയ്‌യുന്നുണ്ട്. കിഴക്കൻ മേഖലകളിൽ മഴ ശമിച്ചതും വെള്ളം വരവ് കുറഞ്ഞതും മൂലം മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഈരാറ്റുപേട്ടയിലും പാലായിലും വെള്ളമിറങ്ങി. പാലായിൽ മീനച്ചിലാറ്റിൽ ഇപ്പോൾ പതിനഞ്ചടി മാത്രമാണ് വെള്ളം ഉള്ളത്. എന്നാൽ ജില്ലയുടെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമായെങ്കിലും മഴക്കെടുതിക്ക് ശമനമില്ല. താഴ്ന്ന മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലും ഇന്നലത്തേതിനേക്കാൾ ഇന്ന് വെള്ളം ഉയർന്നിട്ടുണ്ട്. കിഴക്കൻ മേഖലകളിലെ വെള്ളം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തുന്നതോടെ വീണ്ടും വെള്ളം ഉയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കോട്ടയം പരിപ്പ് പുത്തൻകരി പാടശേഖരത്തിൽ മടവീണ് 250 ഏക്കർ നെൽപ്പാടം പൂർണമായും നശിച്ചു. ജില്ലയിൽ 114 ദുരിതാശ്വാസ ക്യാമ്പുകളിലായി 3714 പേരാണ് കഴിയുന്നത്. 1288 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലുള്ളത്.
