കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു; മിന്നൽപ്രളയ സാധ്യത, ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നു, ഞായറാഴ്ച ഓറഞ്ച് അലേർട്ട്.


കോട്ടയം: കോട്ടയം ജില്ലയിൽ മലയോര മേഖലകളിലുൾപ്പടെ മഴ വീണ്ടും ശക്തമാകുന്നു. ഇന്നലെ പെയ്ത അതിശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഈരാറ്റുപേട്ട, പാലാ, മുണ്ടക്കയം,എരുമേലി,മണിമല തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.

 

 പ്രളയ സമാനമായ സാഹചര്യമായിരുന്നു കോട്ടയം ജില്ലയിൽ നിലനിന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലേർട്ട് തുടരുകയാണ്. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുകയാണ്. താഴ്ന്ന മേഖലകളിൽ വെള്ളം കയറി. ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ദുരിത ബാധിത മേഖലകളിൽ നിന്നുള്ളവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. മഴക്കെടുതിയിൽ ജില്ലയിൽ ഇതുവരെ മരണം 3 ആയി. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. മണക്കാട്ട് ജോണിയുടെ മകന്‍ ജോസഫിൻ ജോണി (24), ഭാര്യ റെജീന എന്നിവരാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്.  മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായിട്ടുണ്ട്. ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം. മൂന്നിലവിലും, കൂട്ടിക്കല്‍‌ കൊടുങ്ങയിലും ഉരുള്‍പൊട്ടൽ ഉണ്ടായി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലുൾപ്പടെ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നൽകിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം അടുത്ത ആറു മണിക്കൂറിനുള്ളിൽ കേരളത്തിലെ 12 ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നൽപ്രളയത്തിന് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂർ, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ പെയ്യുന്നത് തോടുകളിലും ചെറുനദികളിലും ജലനിരപ്പ് അതിവേഗം ഉയരുന്നതിനും മലവെള്ളപ്പാച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളക്കെട്ടിനും കാരണമായേക്കാം. നദീതീരങ്ങളിലും തോടുകളുടെ സമീപത്തും താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. നദികളിലോ തോടുകളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുത്. ജലാശയങ്ങൾ മുറിച്ചുകടക്കാനോ പാലങ്ങളിലും നദീതീരങ്ങളിലും കാഴ്ച കാണാനായി ഒത്തുകൂടാനോ പാടില്ല. അത്യാവശ്യമല്ലാത്ത രാത്രിയാത്രകൾ ഒഴിവാക്കുകയും ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ സംവിധാനങ്ങളുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ആവശ്യമെങ്കിൽ വൈകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം.