കോട്ടയം: കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. രാവിലെ മഴയൊന്നു ശമിച്ചെങ്കിലും ഉച്ച കഴിഞ്ഞതോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ രാത്രിയോടെ മഴ വീണ്ടും ശക്തമാകുകയായിരുന്നു.

കോട്ടയം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വാഗമണ്ണിലാണ്. 314 മില്ലിമീറ്റർ മഴയാണ് വാഗമണിൽ പെയ്തിറങ്ങിയത്. മേച്ചാലിൽ 218 മില്ലിമീറ്ററും പൂഞ്ഞാർ തെക്കേക്കരയിൽ 212.6 മില്ലിമീറ്ററും പാതാമ്പുഴയിൽ 179 മില്ലിമീറ്ററും കുമരകത്ത് 110 മില്ലിമീറ്ററും മഴ ലഭിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് തുടരുകയാണ്. കനത്ത മഴയിൽ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു തന്നെ തുടരുകയാണ്. ജില്ലയിൽ നദീ തീരങ്ങളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
