കോട്ടയം: 'ഇവിടെ ഒരു വീടുണ്ടായിരുന്നു', കളിചിരികളും തമാശകളും വിശേഷങ്ങളും പരിഭവങ്ങളും പിണക്കങ്ങളും പങ്കുവെച്ചിരുന്ന ഒരു വീട്, ആ വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം! ഓടിയെത്തിയവരുടെ ചങ്ക് പിടയുന്ന കാഴ്ചകളാണ് ഇരുളിന്റെ മറവിൽ ഉരുളെടുത്തു പോയത്.

ഒപ്പം നഷ്ടമായത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും. 5 പേരടങ്ങുന്ന ഈ കുടുംബത്തിൽ ഇനി 2 പേരില്ല. അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി (24) ഭാര്യ റെജീന ജോണി(49) എന്നിവരാണ് മരണപ്പെട്ടത്. ചൂണ്ടച്ചേരി എൻജിനീയറിങ് കോളജ് കന്റീൻ ജീവനക്കാരനായ ജോസഫിന് ഒരു മാസം മുൻപ് ഈരാറ്റുപേട്ടയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ കാലിന് പരുക്കേറ്റതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. കാലിനു പരിക്കേറ്റതിനാൽ പ്ലാസ്റ്റർ ഇട്ടിരുന്നു. രക്ഷാ പ്രവർത്തകരുടെ തിരച്ചിലിനൊടുവിൽ പ്ലാസ്റ്ററിട്ട കാലുകളാൽ ജോസഫിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ രക്ഷാ പ്രവർത്തകരും അക്ഷരാർത്ഥത്തിൽ വിങ്ങുകയായിരുന്നു. പിതാവ് എം ജെ ജോണി, ഭാര്യ റെജീന ജോണി, മക്കളായ ജോസഫിൻ ജോണി, ജോമിറ്റ് ജോണി, സോമിറ്റ് ജോണി എന്നിവരടങ്ങുന്നതായിരുന്നു കുടുംബം. അപകട സമയം റെജീനയും മകൻ ജോസഫിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിതാവ് എം ജെ ജോണി തൊട്ടടുത്ത വീട്ടിൽ പറയമായ ഒരാൾക്ക് കൂട്ടുകിടക്കുന്നതിനായി പോയിരിക്കുകയായിരുന്നു. പെൺമക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല. അമ്മയും സഹോദരനും ഇനി തങ്ങൾക്കൊപ്പമില്ലെന്ന സത്യം ഉൾക്കൊള്ളുവാൻ ഇതുവരെയും സഹോദരിമാർക്കായിട്ടില്ല. പൂഞ്ഞാർ പയ്യാനിത്തോട്ടം ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞ റെജീന ജോണിയുടെയും മകൻ ജോസഫിൻ ജോണിയുടെയും സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻ്റ്. അൽഫോൻസാ പള്ളിയിൽ നടക്കും. രാവിലെ 11:30ന് പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്‌കൂളിൽ പൊതുദർശന ചടങ്ങുകൾ ഉണ്ടായിരിക്കും. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹം കണ്ടെത്താനായത്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്. നാടിനു ഏറെ പ്രിയങ്കരരായിരുന്നു ഈ കുടുംബം. ഇരുവരുടെയും മരണത്തിൽ ഉറ്റവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് നാടും നാട്ടുകാരും.
