പൂഞ്ഞാർ തെക്കേക്കരയിലെ ഉരുൾപൊട്ടൽ: നെഞ്ചുലഞ്ഞു പിതാവും സഹോദരിമാരും! ഉരുൾപൊട്ടലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും


കോട്ടയം: വെള്ളിയാഴ്ച രാത്രി വിശേഷങ്ങൾ പങ്കുവെച്ചു ഉറങ്ങാനായി കിടന്നപ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് ഈ അമ്മയും മകനും അറിഞ്ഞിരുന്നില്ല. അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ്.

 

 പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി (24) ഭാര്യ റെജീന ജോണി(49) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. രക്ഷാ പ്രവർത്തകരാണ് ഇന്ന് രാവിലെ ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് അമ്മ റജീനയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവ് എം ജെ ജോണി, ഭാര്യ റെജീന ജോണി, മക്കളായ ജോസഫിൻ ജോണി, ജോമിറ്റ് ജോണി, സോമിറ്റ് ജോണി എന്നിവരടങ്ങുന്നതായിരുന്നു കുടുംബം. അപകട സമയം റെജീബാണ് മകൻ ജോസഫിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിതാവ് എം ജെ ജോണി തൊട്ടടുത്ത വീട്ടിൽ പറയമായ ഒരാൾക്ക് കൂട്ടുകിടക്കുന്നതിനായി പോയിരിക്കുകയായിരുന്നു. പെൺമക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല. പുലർച്ചയോടെ മൂവരും അപകട വിവരം അറിയുകയായിരുന്നു. നാടിനെ നടുക്കുന്ന വാർത്തയായിരുന്നു ഉരുൾപൊട്ടൽ. കേട്ടറിഞ്ഞവർ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ചൂണ്ടച്ചേരി എൻജിനീയറിങ് കോളജ് കന്റീൻ ജീവനക്കാരനായ ജോസഫിന് ഒരു മാസം മുൻപ് ഈരാറ്റുപേട്ടയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ കാലിന് പരുക്കേറ്റതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. അമ്മ റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്. അച്ഛൻ ജോണി സ്കൂൾ‍ ബസ് ഡ്രൈവറാണ്. ഇളയ പെൺകുട്ടി സഹോദരിയുടെ വീട്ടിലേക്ക് പോയതിനാലാണ് രക്ഷപ്പെട്ടത്. ഇപ്പോൾ വീട് നിന്നിടത്ത് അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം ആണ്. ഒരു കുടുംബത്തിന്റെ ഒരുമിച്ചു നെയ്ത സ്വപ്നങ്ങളാണ് മഴക്കലിയിൽ നഷ്ടമായത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹം കണ്ടെത്താനായത്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്.