മലയോര മേഖലകളില്‍ കനത്തമഴയും ഉരുള്‍പൊട്ടലും! വ്യാപക നാശം, ജില്ലയിലെ മരണം 3 ആയി.


കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ കനത്തമഴയും ഉരുള്‍പൊട്ടലും. രാവിലെ മഴ തെല്ലൊന്നു ശമിച്ചെങ്കിലും ഉച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. മണക്കാട്ട് ജോണിയുടെ മകന്‍ ജോസഫിൻ ജോണി (24), ഭാര്യ റെജീന എന്നിവരാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്. വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂന്നിലവിലും, കൂട്ടിക്കല്‍‌ കൊടുങ്ങയിലും ഉരുള്‍പൊട്ടൽ ഉണ്ടായി.