മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി, പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത, അധ്യക്ഷ തിരഞ്ഞെടുപ്പ് 19ന്.


പാലാ: അവിശ്വാസ പ്രമയേത്തിനൊടുവിൽ അധ്യക്ഷ തെരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബാക്കി നിൽക്കവേ പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മറ്റ് നാല് കൗൺസിലർമാർക്കൊപ്പം പിന്തുണച്ചിരുന്ന കോൺഗ്രസ്സ് വിമത കൗൺസിലർ ലിസികുട്ടി മാത്യു കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങി.

 

 മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിലുണ്ടായ  അതൃപ്തിയെ തുടർന്നാണ് ഈ നീക്കമെന്നാണ് സൂചന. പാലാ നഗരസഭയിൽ 19ന് ആണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. അവിശ്വാസ പ്രമേയം അനായാസം പാസായെങ്കിലും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല. കണക്കുകൾ പരിശോധിച്ചാൽ നിലവിൽ അവിശ്വാസം പാസാക്കിയതുപോലെ 17 വോട്ടുകൾക്ക് ചെയർപേഴ്സനെയും വിജയിപ്പിക്കാൻ ആകും. സ്വതന്ത്രയായ മായാ രാഹുലിനെ രംഗത്തിറക്കി വിമത കൗൺസിലർമാർ നടത്തുന്ന നീക്കവും ഇത് ലക്ഷ്യംവെച്ചായിരുന്നു.

 

 ഇതിനിടെയാണ് വിമത കൗൺസിലർ ലിസികുട്ടി മാത്യു നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഓരോ പാർട്ടികളുടെയും നിലപാട് നിർണായകമാണ്. ഭരണം പിടിക്കാൻ ആദ്യം ഇല്ല എന്ന് പറഞ്ഞിരുന്ന എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനിടെ എൽഡിഎഫിലെ അടുത്തിടെ പുറത്ത് ചാടിച്ച കൗൺസിലേഴ്സിനെ യുഡിഎഫിനൊപ്പം നിർത്താൻ ഉള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി ദിയ തന്നെ തിരിച്ചു വരുമെന്നും സൂചനയുണ്ട്. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺ​ഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ ന​ഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. 19 ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കും എന്നാണു ലിസിക്കുട്ടി മാത്യു വ്യക്തമാക്കിയിരിക്കുന്നത്.