മുണ്ടക്കയം: അതിശക്തമായ മഴ തുടരുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത്. ദേശീയപാത 183 ൽ കോട്ടയം-കുമളി റോഡിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും.

കഴിഞ്ഞ ദിവസങ്ങളിൽ അമലഗിരി, കടുവപ്പാറ, പുല്ലുപാറ തുടങ്ങിയ മേഖലകളിലാണ് വലിയതോതിൽ മലയിടിച്ചിലും പാറയിടിച്ചിലുമുണ്ടായത്. മഴ ശക്തമാകുന്നതിന് മുൻപ് പല തവണ ഈ പാതയിൽ മണ്ണിടിച്ചിലും പാറക്കല്ല് റോഡിലേക്കും വാഹനങ്ങൾക്ക് മുകളിലേക്കും വീണിരുന്നു. ഇതോടെ മേഖലയിൽ റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമായിരിക്കുകയാണ്. ദേശീയപാതയിൽ കുട്ടിക്കാനം വരെയുള്ള മേഖലകളിൽ അപകടകരമായി ജീവന് ഭീഷണിയായി ഇത്തരത്തിൽ നിരവധി കൂറ്റൻ പാറക്കല്ലുകളാണുള്ളത്. ജൂൺ മാസം ഈ റോഡിൽ കുട്ടിക്കാനത്തിനു സമീപം കൂറ്റൻ പറ കല്ല് അടർന്നു വീണു ബസ്സ് യാത്രക്കാരന് പരിക്കേറ്റിരുന്നു.റോഡിലേക്ക് അടർന്നു വീണ കല്ല് ബസ്സിന് വശത്തേക്ക് വന്നിടിച്ചാണ് യാത്രക്കാരന് പരിക്കേറ്റത്. ഇതിനു മുൻപ് പലതവണ വലിയ കല്ലുകൾ റോഡിലേക്ക് വീണിരുന്നു. മൂന്നു വർഷം മുൻപ് കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് റോഡരികിൽ നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു ഒരാൾ മരിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിലുകളാണ് ഈ റോഡിൽ മഴക്കാലമായാൽ സംഭവിക്കുന്നത്. കനത്ത മഴയിൽ മണ്ണും പാറകളും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യത മുന്നിൽക്കണ്ട് മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
ഫയൽ ചിത്രം
