കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു, കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് പത്തോളം രോഗികൾ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു. നിലവിൽ പത്തോളം രോഗികളാണ് കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. 2025 ഏപ്രിൽ ഒന്നു മുതൽ വകുപ്പുമേധാവി ശൂന്യവേതനാവധിയിൽ പ്രവേശിച്ചതോടെയാണു കരൾമാറ്റ ശസ്ത്രക്രിയകൾ വൈകാൻ തുടങ്ങിയത്.

 

 പകരമെത്തിയ ഡോക്ടർ കരൾമാറ്റ ശസ്ത്രക്രിയാ ലൈസൻസിന് അപേക്ഷ സമർപ്പിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല. അവധി കഴിഞ്ഞെത്തിയ വകുപ്പു മേധാവി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങുക കൂടി ചെയ്തതോടെ ശസ്ത്രക്രിയകൾ പൂർണ്ണമായും മുടങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്. 2022 ഫെബ്രുവരി 14 നാണു കോട്ടയത്ത് ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്. പിന്നീട് 6 എണ്ണം കൂടി നടന്നു. അവസാനത്തെ കരൾമാറ്റം നടന്നത് 2024 നവംബറിലാണ്. 2022 ഫെബ്രുവരിയിലാണ് കോട്ടയത്തിനു അഭിമാന നേട്ടമായി മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 2022 ഫെബ്രുവരിയിൽ 17 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (42) നു ഭാര്യ പ്രവിജ (39) യാണ് കരൾ നൽകിയത്. ഇതുവരെ 7 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം മെഡിക്കൽ കോളേജിൽ  നടന്നു. അവസാനത്തെ കരൾമാറ്റം നടന്നത് 2024 നവംബറിലാണ്. ഗുരുതര കരൾ രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് അന്ന് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകൻ മൂന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ 20 വയസുകാരനാണ് കരൾ പകുത്ത് നൽകിയത്. മെഡിക്കൽ കോളേജുകളിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ കരൾ പകുത്ത് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു മകൻ. സ്വകാര്യ മേഖലയിൽ 40 ലക്ഷത്തോളം രൂപ ഇത്തരം ശസ്ത്രക്രിയയ്ക്ക് വേണ്ടി വരും. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്.