കോട്ടയം: കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലുള്ള സ്പീക്കറുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു.

2026 ഏപ്രിൽ മാസത്തോടെ പ്രവർത്തനം നിലച്ച നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന്റെ നിലവിലെ സ്ഥിതിഗതികളും പ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്ന സാങ്കേതിക പ്രശ്‌നങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. കമ്പനി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞു. നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത രീതികൾക്ക് അപ്പുറം, സ്ഥാപനത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പുതിയ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന് നിർദ്ദേശം നൽകിയതായും ഈ വിഷയത്തിൽ സാധ്യമായ എല്ലാ ക്രിയാത്മക നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും തുടർന്നും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പതിനാറ് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം കുടിശ്ശികയാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളം, ഇ.പി.എഫ്. എന്നിവയുടെ കുടിശ്ശിക ഭാഗികമായി നല്‍കുന്നതിനും കമ്പനിയുടെ തുടർ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ അഞ്ചു കോടി രൂപ നല്‍കും. 2022 ഏപ്രില്‍ മുതലുള്ള പി.എഫ്. അടവ് കുടിശ്ശിക ആയതിനാല്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണ്. കമ്പനിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും നല്‍കാനുണ്ട്. കമ്പനി കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട് എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.
