മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു, പാലാ-ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി, വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.


പാലാ: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഞായറാഴ്ച ഉച്ചക്ക് ശേഷമാരംഭിച്ച അതിശക്തമായ മഴയിൽ മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പുയർന്നു. കഴിഞ്ഞ ദിവസം വെള്ളമിറങ്ങിയ സ്ഥലത്ത് വീണ്ടും വെള്ളം കയറി തുടങ്ങി. മീനച്ചിലാറ്റിൽ ഒഴുക്ക് ശക്തമാണ്.

 

 പാലാ-ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി, വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ജില്ലയിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. രാത്രി മുഴുവൻ ശക്തമായ മഴയായിരുന്നു. ഇതേത്തുടർന്ന് മീനച്ചിലാറ്റിലേക് കൂടുതലായി വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇല്ലിക്കൽ, താഴത്തങ്ങാടി, അയ്മനം, കുമരകം ഉൾപ്പടെയുള്ള കോട്ടയത്തിന്റെ താഴ്ന്ന മേഖലകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടിനുള്ളിൽ നിന്നും ആളുകളെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പുതുപ്പള്ളി മീനടം റൂട്ടിൽ ഞണ്ടുകുളം പാലത്തിൽ വെള്ളം കയറി. കൈതേപ്പാലം,വാകത്താനം പന്നിക്കോട്ട് പലതിലും വെള്ളം കയറി. കുമ്മനം മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഭരണങ്ങാനം പൈക റോഡിലും വെള്ളമുയര്‍ന്നു. പനയ്ക്കപ്പാലം ഭാഗത്തും വെള്ളം ഉയരുന്നു. പാലാ നഗരത്തില്‍ കൊട്ടാരമറ്റത്ത് വെള്ളം കയറി. കോട്ടയം നഗര സമീപത്തെ ഇല്ലിക്കല്‍, താഴത്തങ്ങാടി മേഖലകൾ വെളളത്തിലായി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കോട്ടയം ആർപ്പൂക്കര മുഴിമുഖത്ത് രാത്രിയോടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ ചെങ്കളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറ്റമ്പതിലധികം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. കോട്ടയത്തും അപ്പർ കുട്ടനാട്ടിലും പ്രളയസമാന സാഹചര്യം ആണ് നിലനിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പാലായിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസത്തേക്കാൾ രൂക്ഷമായ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. ഇടപ്പാടി, മൂന്നാനി, കൊട്ടാരമറ്റം  ബസ് സ്റ്റാൻഡ് പരിസരം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഏറ്റുമാനൂർ-മണർകാട് ബൈപ്പാസ് റോഡിൽ നാലുമണിക്കാട്ടിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പന്നഗം തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് മാറ്റക്കാരുടെ വിവിധയിടങ്ങളിൽ വീണ്ടും വെള്ളം കയറി.