കോട്ടയം: കോട്ടയം ജില്ലയിൽ നാശം വിതച്ചു അതിതീവ്ര മഴ. ഇന്നലെ രാവിലെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ കൂടുതൽ ശക്തമാകുകയായിരുന്നു.

അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണ്ണമായും മണ്ണടിയിലായി. മണപ്പാട്ട് ഗ്രേസി, മകൻ എന്നിവർ വീട്ടിലുണ്ടായിരുന്നു. രക്ഷാ പ്രവർത്തകർ എത്തി നടത്തിയ തെരച്ചിലിൽ മകൻ ജോസഫിൻ ജോണിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ മഴയായിരുന്നു. ഇളംകാട്,ഏന്തയാർ,കൂട്ടിക്കൽ മേഖലകളിൽ ജലനിരപ്പ് അപകടകരമായ നിലയിലാണ്. മുണ്ടക്കയം കോസ്‌വേ പാലം വെള്ളം കയറി. എരുമേലിയിൽ അമ്പലത്തിലും കെ എസ് ആർ ടി സി സ്റ്റാൻഡിലും കാഞ്ഞിരപ്പളി റോഡിലും വെള്ളം കയറി. ഓരുങ്കൽ കടവ് കോസ്‌വേ വെള്ളത്തിനടിയിലായി. മീനച്ചിലാർ കരകവിഞ്ഞതോടെ ഈരാറ്റുപേട്ടയിലും പനയ്‌ക്കപ്പാലത്തും പാലായിലും വെള്ളം കയറി. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലുകൾ ഉണ്ടായതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
