എരുമേലി: കാനഡയിലെ ഏറ്റവും വലിയ മുൻസിപ്പൽ പൊലീസ് സേനയായ ടൊറന്റോ പൊലീസ് സർവീസിൽ ഓഫീസറായി എരുമേലി സ്വദേശി. കോട്ടയം എരുമേലി സ്വദേശിയായ ക്രിസ്റ്റൻ ജോസ് ആണ് കാനഡയിലെ ടൊറന്റോയിൽ പൊലീസ് ഓഫീസറായി ചുമതലയേറ്റത്.

എരുമേലി ഒഴക്കനാട് നാഗത്തുങ്കൽ സി എ ജോസഫ്-മോളി ദമ്പതികളുടെ മകനായ ക്രിസ്റ്റൻ ജോസ് ഇക്കഴിഞ്ഞ 20 നാണ് കാനഡയിലെ മുൻസിപ്പൽ പൊലീസ് സേനയായ ടൊറന്റോ പൊലീസ് സർവീസിൽ ഓഫീസറായി ചുമതലയേറ്റത്. കാനഡയിൽ ഈ അപൂർവ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് ക്രിസ്റ്റൻ. 2018-ലാണ് ഉപരിപഠനത്തിനായി കാനഡയിൽ എത്തിയത്. ടൊറന്റോ ലാംബ്ടൺ കോളേജിൽ നിന്ന് ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്‌മന്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷം കാനഡയിലെ പ്രമുഖ ബാങ്കായ ടി ഡി ബാങ്ക് -ന്റെ ടൊറന്റോ ആസ്ഥാനത്ത് ഓപ്പറേഷൻസ് കോർഡിനേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു.

ഈ ജോലി രാജിവെച്ചാണ് ഇപ്പോൾ പോലീസ് സേനയിലേക്ക് എത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അദ്ദേഹം ശാരീരികക്ഷമതയിലും പരിശീലനത്തിലും മികവ് പുലർത്തിയിരുന്നു. ടൊറന്റോ പൊലീസ് സർവീസിലെ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് 2025ലാണ്. നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന കഠിനമായ തിരഞ്ഞെടുപ്പ് നടപടികളായിരുന്നു മുന്നിലുണ്ടായിരുന്നത്. ശാരീരികക്ഷമതാ പരീക്ഷകൾ മുതൽ നിയമപരവും അക്കാദമികവുമായ പരീക്ഷകൾ വരെ ഇതിന്റെ ഭാഗമായിരുന്നു. സൈക്കോളജിക്കൽ സ്ക്രീനിങ്, പാനൽ ഇന്റർവ്യൂ എന്നിവയും വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. കഠിനമായ ഈ തിരഞ്ഞെടുപ്പ് പ്രക്രിയകളെല്ലാം ആദ്യ ശ്രമത്തിൽ തന്നെ വിജയകരമായി പൂർത്തിയാക്കാൻ ക്രിസ്റ്റന് സാധിച്ചു. തുടർന്ന് 2026 ജനുവരിയിൽ നിയമന ഉത്തരവ് ലഭിച്ചു. ഇതോടെ കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ടൊറന്റോയിൽ പൊലീസ് ഉദ്യോഗസ്ഥനാകാനുള്ള സ്വപ്നത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പ് പൂർത്തിയായി. തുടർന്ന് ടൊറന്റോ പൊലീസ് അക്കാദമിയിലും ഒന്റാറിയോ പൊലീസ് കോളേജിലുമായി കഠിനമായ പരിശീലനം നേടി. പ്രവിശ്യയിലെ വിവിധ പൊലീസ് സർവീസുകളിൽ നിന്നുള്ള റിക്രൂട്ടുകൾ പങ്കെടുത്ത പരിശീലന പരിപാടിയായിരുന്നു ഇത്. ശാരീരികക്ഷമത, നിയമപരമായ അറിവ്, പൊലീസ് നടപടിക്രമങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടൽ തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു പരിശീലനം. അടിസ്ഥാന പൊലീസ് പരിശീലനത്തിന് പുറമെ ടൊറന്റോ പൊലീസ് കോളേജിൽ നിന്നുള്ള അഡ്വാൻസ്ഡ് മെട്രോപൊളിറ്റൻ ടാക്റ്റിക്കൽ ലീഗൽ ട്രെയിനിംഗും ക്രിസ്റ്റൻ വിജയകരമായി പൂർത്തിയാക്കി. വലിയ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പ്രത്യേക കഴിവുകളും നിയമപരമായ അറിവും വികസിപ്പിക്കുന്നതിൽ ഇത്തരം പരിശീലനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ജനസാന്ദ്രത കൂടുതലുള്ള നഗരത്തിൽ വ്യത്യസ്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർണായകമാണ്.
.png)