മലയോര മേഖലയിൽ മഴ ശക്തം; മണിമലയാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു, നദീതീരങ്ങളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.


മുണ്ടക്കയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമാകുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് മഴ വീണ്ടും ശക്തമായത്. രാത്രിയിലും മഴ ഇടതോരാതെ ശക്തമായി തുടരുകയാണ്.

 

 എരുമേലി,മുണ്ടക്കയം,മണിമല,കാഞ്ഞിരപ്പള്ളി മേഖലകളിൽ രാത്രി വൈകിയും മഴ ശക്തമായി തുടരുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴ വീണ്ടും ശക്തമായതോടെ മണിമലയാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പഴയിടം പാലത്തിൽ വീണ്ടും വെള്ളം കയറിയതായാണ് വിവരം ലഭിക്കുന്നത്. ശക്തമായ വെള്ളമൊഴുക്കാണ് ഇപ്പോൾ മണിമലയാറ്റിൽ. ജലനിരപ്പ് വീടിനും ഉയർന്ന സാഹചര്യത്തിൽ നദീതീരങ്ങളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ തുടരുന്ന സഹചര്യത്തിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.