കോട്ടയം: ശാന്തമായ അന്തരീക്ഷത്തെ വകഞ്ഞു മാറ്റി കോട്ടയം ജില്ലയിൽ വീണ്ടും മഴ രൗദ്രഭാവത്തിലേക്ക് മാറുകയാണ്. ഞായറാഴ്ച ഉച്ചവരെ തോർന്നു നിന്നിരുന്ന മഴ ഉച്ചകഴിഞ്ഞു മുതൽ വീണ്ടും പെയ്യാൻ ആരംഭിക്കുകയും രാത്രിയോടെ കൂടുതൽ ശക്തമാകുകയുമായിരുന്നു.

ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ മഴ ശക്തമായി തുടരുകയാണ്. കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് രാത്രി മഴ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മലപ്പുറം,തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിച്ചേക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
