കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.

വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ സാഹചര്യവും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും വകുപ്പ് മേധാവികൾ വിശദീകരിച്ചു. പലമേഖലകളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും മുന്നറിയിപ്പ് നിലയിലും മുകളിലാണ്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യ സാമഗ്രികളും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് തഹസിൽദാർമാർ അറിയിച്ചു. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലാണ് ദുരന്തം കൂടുതലായി ബാധിച്ചത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ഇടിഞ്ഞുവീണ മണ്ണും പാറയും താത്കാലികമായി വശത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പൂർണമായും നീക്കം ചെയ്യുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു. റോഡുകൾ, പാലങ്ങൾ, റോഡുകളുടെ സംരക്ഷണഭിത്തകൾ, കലുങ്കുകൾ തുടങ്ങിയവയുടെ പുനരുദ്ധാരണത്തിനും നടപടികൾ ആവശ്യമാണ്. ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കളക്ടർ നിർദേശിച്ചു.
