പൂഞ്ഞാർ: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയ്ക്കും മകനും വിട നൽകി നാട്. മണപ്പാട്ട് വീട്ടിൽ റെജീന ജോണി, മകൻ ജോസഫിൻ ജോണി എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടത്.

മൃതദേഹങ്ങൾ ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലികളർപ്പിക്കാനായി ഒഴുകിയെത്തിയത്. ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും തേങ്ങലടക്കാൻ പാടുപെടുന്ന കാഴ്ച്ചയാണ് ഓരോരുത്തരും കണ്ടത്. നാടിനും നാട്ടുകാർക്കും അത്രമേൽ പ്രിയപ്പെട്ട ഒരു കുടുംബത്തിലെ രണ്ടു പേരെയാണ് വിധി മണ്ണിടിച്ചിലിന്റെ രൂപത്തിൽ തട്ടിയെടുത്തത്. മന്ത്രി മോൻസ് ജോസഫ്, എം പി ആന്റോ ആന്റണി, എം എൽ എ എം.ജെ. സെബാസ്‌റ്യൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി, ഭാര്യ റെജീന ജോണി എന്നിവർ മരണപ്പെട്ടത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹം കണ്ടെത്താനായത്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്.
