കോട്ടയത്ത് വെള്ളക്കെട്ട് ഒഴിയുന്നില്ല, നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട്.


കോട്ടയം: അതിശക്തമായ മഴയെത്തുടർന്ന് മീനച്ചിലാർ കരകവിഞ്ഞതോതിനെ തുടർന്നു കോട്ടയത്തുണ്ടായ വെള്ളക്കെട്ട് ഒഴിയുന്നില്ല. നാഗമ്പടത്തും കോടിമതയിലും റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ജില്ലയുടെ താഴ്ന്ന മേഖലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.

 

 വിവിധ ഭാഗങ്ങളിൽ എൻ.ഡി ആർ.എഫ് സംഘം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. തിരുവാർപ്പ്,മലരിക്കൽ മേഖലകളിൽ വെള്ളം കയറിക്കിടക്കുകയാണ്. കോട്ടയം നഗരത്തിന്റെ താഴ്ന്ന മേഖലകളിലും വെള്ളം കയറി കിടക്കുകയാണ്. അതേസമയം മീനച്ചിലാറ്റിൽ ജലനിരപ്പ് താഴുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോട്ടയത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടവിട്ടുള്ള ശക്തമായ മഴ പെയ്യുന്നുണ്ട്. തിരുവഞ്ചൂർ ഇറഞ്ഞാൽ മേഖലകളിൽ വീടുകളിൽ ഇപ്പോഴും വെള്ളം കയറിക്കിടക്കുകയാണ്. അയ്മനം,കുമരകം,തിരുവാർപ്പ് മേഖലകളിലും സ്ഥിതി വിഭിന്നമല്ല.പ്രദേശത്തെ വീടുകൾ മൂന്നു ദിവസമായി വെള്ളത്തിലാണ്. ഈ മേഖലകളിലെ 70 ശതമാനത്തിലധികം വീടുകൾ വെള്ളത്തിലാണ്. ജില്ലയിൽ നിലവിൽ 141 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 6416 പേര് വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. കോട്ടയം -കുമരകം -ചേർത്തല റോഡിൽ ഗതാഗതം സാധ്യമല്ല.