കോട്ടയം: ഓണാഘോഷത്തിന് പിന്നാലെ അമേരിക്കൻ മലയാളികളെ ഞെട്ടിച്ചു ഇരട്ടക്കൊലപാതക വാർത്ത. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് വിവരം.

ഒരുമിച്ചു ഓണം ആഘോഷിച്ച ഉറ്റസുഹൃത്തുക്കളിൽ മൂന്നു പേരിൽ ഒരാൾ സുഹൃത്തുക്കളായ 2 പേരെ കൊലപ്പെടുത്തിയെന്ന വാർത്ത വിശ്വസിക്കാനാകാതെയിരിക്കുകയാണ് അമേരിക്കയിൽ കാലിഫോർണിയയിലെ മിൽപിറ്റാസിലെ മലയാളികൾ. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകൾ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യയുമായ ആനി (35) എന്നിവർ കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ സ്വദേശിനി മാറാമറ്റം വീട്ടിൽ അനിലയാണ് അറസ്റ്റിലായിരിക്കുന്നത്. യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. ചിങ്ങവനം സ്വദേശിനിയായ ആനിനെ താമസിച്ച് കൊണ്ടിരുന്ന അപ്പാർട്ട്‌മെന്റിന്റെ മുറിക്കുള്ളിൽ കയറി അനില കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയെ ഫോണിൽ വിളിച്ച് കെട്ടിടത്തിന് താഴേയ്ക്ക് വരുത്തി കാർ ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു വിവരം. എന്നാൽ ക്രൂരകൃത്യത്തിനു പിന്നിലെ കാരണം അറിവായിട്ടില്ല. ആനി അമേരിക്കയിൽ സ്ഥിര ജോലിക്കുള്ള വർക്ക് പെർമിറ്റ് നേടുകയും അനിലയ്ക്ക് ജോലി നഷ്ടപ്പെട്ടതായും വിവരമുണ്ട്. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ വിഷാദമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമികനിഗമനം. യുവതിയെ കൂടുതൽ ചോദ്യംചെയ്യുന്നതിൽ നിന്നേ ആക്രമണകാരണം വ്യക്തമാകുകയുള്ളു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കാലിഫോർണിയ പോലീസ് പുറത്തു വിട്ടിട്ടില്ല. സ്വതവേ ശാന്തസ്വഭാവകാരിയായ അനിലയ്ക്ക് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാനാകില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. നാട്ടിൽ ഭരണങ്ങാനം എആർഎസ് കോളേജിലാണ് അനില പഠിച്ചത്. നാലുവർഷം മുമ്പാണ് യുഎസിലേക്ക് പോയത്. എഞ്ചിനിയറിങ് ബിരുദധാരിയായ അനില അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. യുഎസിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം അനില സന്തുഷ്ടയും സന്തോഷവതിയുമായിരുന്നു എന്നാണ് നാട്ടുകാരുടെ അറിവ്. രണ്ടുമാസമായി അനിലയുടെ മാതാപിതാക്കളും യുഎസിൽ ഇവരുടെ കൂടെയായിരുന്നു താമസം. അനിലയുടെ സഹോദരൻ കാനഡയിലാണ് താമസിക്കുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു അനിലയും മരിച്ച അഞ്ജനയും ആനിയും. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളും ആരോപിക്കുന്നത്. എട്ടുവർഷമായി അഞ്ജനയും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് വിജീഷും കാലിഫോർണിയയിലാണ്. നോർക്കയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
.png)