കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിലെ തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിനു കാരണമെന്നു പ്രാഥമിക നിഗമനം.


കോട്ടയം: കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നു പ്രാഥമിക നിഗമനം. കോട്ടയം എസ് എച് മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയായ ജെഎന്‍ ഇന്‍ഡസ്ട്രീസിലാണ് തീ പിടിത്തം ഉണ്ടായത്.

 

 ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ഫാക്ടറി പ്രവർത്തിക്കുന്ന മേഖലയിൽ ആറ് കെട്ടിടങ്ങളാണുള്ളത്. ഇവയിൽ മൂന്നെണ്ണം പൂർണ്ണമായും അഗ്നിക്കിരയായി. ഞായറാഴ്ചയായിരുന്നതിനാൽ അവധി ദിവസമാകയാൽ ജീവനക്കാർ ആരും തന്നെ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഷട്ടറുകൾ തകർത്താണ് അഗ്നിരക്ഷാ സേന അകത്തു കയറി തീ അണച്ചത്. ടിഷ്യൂ പേപ്പർ ധാരാളമായി സ്റ്റോക്ക് സൂക്ഷിച്ചിരുന്നതിനാൽ തീ വളരെ വേഗം പടർന്നു പിടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകുന്നേരം ആറേകാലോടെയാണ് സ്ഥാപനത്തിൽ നിന്ന് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വിവരം നാട്ടുകാർ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. അപകടകാരണം ഷോർട്ട് സർക്യൂട്ട് ആണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് ഫയർഫോഴ്സും പോലീസും വിശദമായി അന്വേഷിച്ചു വരികയാണ്.