പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല, ഭാവി കാര്യങ്ങൾ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കും; പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ


പാലാ: പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല, ഭാവി കാര്യങ്ങൾ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും സ്വന്തന്ത്ര കൂട്ടായ്മ കൗൺസിലർ ബിജു പുളിക്കക്കണ്ടം. പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 

 "ഞങ്ങൾ മൂവരും ഇലക്ഷന് നിന്നത് ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ..? ഭരണം കിട്ടിയത് അവിചാരിതമായിട്ട്.... മുനിസിപ്പൽ ഭരണവും കൗൺസിലർ പദവിയും ജീവിത സാഫല്യമായി കാണാത്തതിനാൽ, ഭരണം നഷ്‌ടമാവുന്നത് വലിയ കാര്യമായി എടുക്കുന്നുമില്ല. നമ്മൾക്കുണ്ടായ തിക്താനുഭവത്തിന് കാലം മറുപടി നൽകിക്കഴിഞ്ഞു. ഇനിയുള്ള കാലം ആരുമായും എതിർപ്പ്  വച്ചുപുലർത്തേണ്ട കാര്യമില്ലാന്നാണ് ഞങ്ങൾ മൂവരുടെയും തീരുമാനം. പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ലാ. ഭാവി കാര്യങ്ങൾ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കും. ഏതിനെയും പോസിറ്റീവ് ആയി അഭിമുഖീകരിക്കും." എന്ന് ബിജു പുളിക്കക്കണ്ടം ഫേസ്‌ബുക്കിൽ കുറിച്ചു. യുഡിഎഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതിന് പിന്നാലെയാണ് കുറിപ്പ്. സ്വതന്ത്ര കൂട്ടായ്മയുമായി കൈകോര്‍ക്കില്ലെന്ന് എല്‍ഡിഎഫും വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിക്കില്ലെന്നും അവരുടെ പിന്തുണയോടെ ഭരണം പിടിക്കില്ലെന്നും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ബിജു പാലുപടവന്‍ പറഞ്ഞു. ബിനു പുളിക്കകണ്ടവും കുടുംബവും കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യം. സ്വയം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും ബിജു പാലുപടവന്‍ വ്യക്തമാക്കി. പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യടേമില്‍ ചേയര്‍പേഴ്‌സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാള്‍ കോണ്‍ഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയില്‍ യുഡിഎഫ് ഭരണം പിടിച്ചത്. ഇതിനിടെയുണ്ടായ കയ്യേറ്റ-മോഷണ ആരോപണ പ്രത്യാരോപണങ്ങൾ കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു പരിഹരിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കി വീണ്ടും പ്രശനങ്ങൾ ഉദയം ചെയ്തിരിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനു നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശനങ്ങൾ ഉടലെടുത്തത്. നഗരസഭയിലെ ഭരണപ്രതിസന്ധിയിൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പരിഹാരങ്ങൾക്കുമായി കെപിസിസി തീരുമാനത്തിന് വിട്ടിരിക്കുകയാണ് കോൺഗ്രസ്‌. വിഷയത്തിൽ സംസ്ഥാന നേതക്കൾ ഇടപെട്ട് അന്തിമ തീരുമാനം എടുക്കും. പാലാ നഗരസഭയിൽ തുടർച്ചയായി തർക്കങ്ങൾ ഉണ്ടാകുന്നതിൽ ഡിസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. പാലാ ന​ഗരസഭയിലെ തർക്കം കോട്ടയം ഡി.സി.സി ചർച്ച ചെയ്യും എന്ന് കെപിസിസി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.