പാലാ: പാലാ നഗരസഭാ ഭരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. നഗരസഭയിൽ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജി വെയ്ക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെയാണ് വീണ്ടും പാലാ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ ആയത്.

നഗരസഭയിൽ ഭരണം പ്രതിസന്ധിയിലായതോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് എൽഡിഎഫ്. ഇന്നലെ ചേർന്ന കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി യോഗത്തിൽ കോൺഗ്രസ്സ് കൗൺസിലർമാർ സ്വന്തത്ര കൂട്ടായ്മയ്ക്ക് പിന്തുണ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു. സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായും അവരുമായി യോജിച്ചു പോകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ്സ് കൗൺസിലർമാർ പറഞ്ഞത്. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനു നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശനങ്ങൾ ഉടലെടുത്തത്. സിപിഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലർത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാൻ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. കോൺഗ്രസിന്റെ പിന്തുണയിൽ സിപിഎമ്മിന് സഹായം നൽകുന്ന രീതി അനുവദിക്കില്ലെന്നും കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡ് ഡിവൈഎഫ്ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചിരുന്നു എന്നും കോൺഗ്രസ് പാർലമെൻററി ലീഡർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ സിപിഎം നിലപാട് വിജയിപ്പികാനായി കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും ബിജു പുളിക്കകണ്ടവും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തത് ഇതിനു പിന്നിലുള്ള ഒത്തുകളിയാണെന്നും കോൺഗ്രസ്സ് കൗൺസിലർമാർ ആരോപിച്ചു. എന്നാൽ ഈ അവസരത്തിൽ അജണ്ട മാറ്റിവെക്കാതെ ചെയർപേഴ്സൺ ദിയ വോട്ടെടുപ്പ് നടത്തുകയും എൽഡിഎഫ് നിലപാട് വിജയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നടത്തിയത് എന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. കോൺഗ്രസിന്റെ 6 കൗൺസിലർമാരും കോൺഗ്രസ് വിമതയായി വിജയിച്ച വൈസ് ചെയർപഴ്സൻ മായാ രാഹുലും സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചുള്ള കോൺഗ്രസ്സ് പ്രമേയം അവതരിപ്പിച്ചപ്പോൾ പങ്കെടുത്തു. എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനം പറയട്ടെയെന്നു സ്വതന്ത്ര മുന്നണി കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു. കോൺഗ്രസ് സംസ്ഥാന, ജില്ല നേതൃത്വമാണു സ്വതന്ത്ര മുന്നണി കൂട്ടായ്മയുമായി നഗരസഭാ ഭരണം സംബന്ധിച്ച് ധാരണയിലെത്തിയത്. അവർ അഭിപ്രായം അറിയിക്കട്ടെയെന്നും ബിനു പറഞ്ഞു. എന്നാൽ ഇപ്പോൾ എൽഡിഎഫും സ്വന്തന്ത്ര മുന്നണിയെ കൈവിട്ടിരിക്കുകയാണ്. സ്വതന്ത്ര കൂട്ടായ്മയുമായി കൈകോര്‍ക്കില്ലെന്ന് എല്‍ഡിഎഫും വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിക്കില്ലെന്നും അവരുടെ പിന്തുണയോടെ ഭരണം പിടിക്കില്ലെന്നും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ബിജു പാലുപടവന്‍ പറഞ്ഞു. ബിനു പുളിക്കകണ്ടവും കുടുംബവും കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യം. സ്വയം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും ബിജു പാലുപടവന്‍ വ്യക്തമാക്കി. പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യടേമില്‍ ചേയര്‍പേഴ്‌സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാള്‍ കോണ്‍ഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയില്‍ യുഡിഎഫ് ഭരണം പിടിച്ചത്. ഇതിനിടെയുണ്ടായ കയ്യേറ്റ-മോഷണ ആരോപണ പ്രത്യാരോപണങ്ങൾ കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു പരിഹരിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കി വീണ്ടും പ്രശനങ്ങൾ ഉദയം ചെയ്തിരിക്കുന്നത്.
