സിക്കിം തുരങ്ക അപകടം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു നടക്കും.


സിക്കിമില്‍ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് രാവിലെയോടെ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് 10 മണിയോടെ പാമ്പാടിയിലെ വീട്ടിലെത്തിച്ചത്. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

 

 രാവിലെ ഏഴ് മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. നോർക്ക അധികൃതരും, പാമ്പാടി പഞ്ചായത്ത് അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള എൻഎച്ച്പിസി ഉദ്യോഗസ്ഥനായിരുന്നു. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്.ഹരിയാനയിൽ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത്. അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വന്നിരുന്നു. സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ്. ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001- 04ൽ നാട്ടകം ഗവ കോളേജിൽ നിന്ന് ബിഎസ്‌സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി.2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. കാർത്ത്യായനി, ആരവ് എന്നിവരാണ് മക്കൾ. മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആഘാതത്തിൽ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞു.  മീഥെയ്ന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി. തുരങ്കത്തിലും സമീപത്തും മീഥെയ്ൻ, കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടസമയത്ത് അനീഷ് മോഹനും മറ്റ് ഉദ്യോഗസ്ഥരുമടക്കം 25 പേരാണ് തുരങ്കത്തിലുണ്ടായിരുന്നത്. തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മിക്കുന്ന തുരങ്കമാണു തകര്‍ന്നത്. അണക്കെട്ടില്‍നിന്നു വൈദ്യുതോല്‍പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നു നിര്‍മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്. ഭൂമിക്കടിയില്‍ പാറ തുരക്കുന്നതിനിടെ മീഥൈന്‍ വാതകച്ചോര്‍ച്ച മൂലമുണ്ടായ സ്‌ഫോടനമാണ് തുരങ്കം തകരാന്‍ കാരണമെന്നാണു വിവരം.