കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള 2026ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജൂലൈ27ന്(തിങ്കൾ) രാവിലെ 11ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.

കോട്ടയം സി.എസ്.ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് ഡിസൈനർ ചുരിദാറുകളുടെ ലോഞ്ചിംഗും ആദ്യ വിൽപ്പനയും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സമ്മാന കൂപ്പൺ വിതരണോദ്ഘാടനവും. നഗരസഭാ ചെയർമാൻ എം. പി സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും. കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സ്റ്റേറ്റ് ഡയറക്ടർ സി.ജി. ആണ്ടവർ മുഖ്യാതിഥി ആയിരിക്കും. കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് കുമാർ, നഗരസഭാ അംഗം ജോൺ വർഗീസ്,കേരളാ ഖാദി ഗ്രാമവ്യവസായ ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ കെ. ഷിബി, എ. അനിത്ത്, ജോൺ സഖറിയാസ്, ഇസഡ്. ജോസഫ്, ടി.എൽ. മാണി എന്നിവർ പ്രസംഗിക്കും. എനിക്കും വേണം ഖാദി എന്ന ആശയവുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്നജൂലൈ 23 മുതൽ ഓഗസ്റ്റ് 25 വരെയാണ് മേള നടത്തുന്നത്. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും വിവിധ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ/അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.
