സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു,


കോട്ടയം: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

 മൃതദേഹം സിക്കിമിൽ എംബാം ചെയ്യാൻ സാധിക്കാത്തതിനാൽ റോഡ് മാർഗം കൊൽക്കത്തയിലേക്ക് ഇന്ന് വൈകിട്ട് എത്തിക്കും. എംബാം ചെയ്ത ശേഷം ഇന്ന് രാത്രിയോ നാളെ രാവിലെയോ നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് അനീഷിന്റെ ഭാര്യാ സഹോദരൻ സനൽ പറഞ്ഞു. ഭാര്യ സംഗീതയും ബന്ധുക്കളും കൊൽക്കത്തയിൽ തുടരുകയാണ്. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈല്‍ യൂണിറ്റ് നോര്‍ക്കയുടെ ഇടപെടലിലില്‍ സജ്ജീകരിച്ചിട്ടുണ്ട്. എംബാം ചെയ്തു കഴിഞ്ഞാല്‍ ഏറ്റവും അടുത്ത വിമാനത്തില്‍ മൃതദേഹം കൊച്ചിയില്‍ എത്തിക്കും. കൊച്ചി വിമാനത്താവളത്തില്‍നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ്  ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് മൂന്നു ദിവസം നീണ്ട തെരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്തിയത്. നാഷണൽ ഹൈഡ‍്രോ പവർ കോർപറേഷനിലെ സീനിയർ ജിയോളജിസ്റ്റാണ് അനീഷ്. കേന്ദ്രസർക്കാരിന് കീഴിലുള്ള എൻഎച്ച്പിസി ഉദ്യോഗസ്ഥനായിരുന്നു. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്.ഹരിയാനയിൽ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത്. അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വന്നിരുന്നു. സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ്.ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001- 04ൽ നാട്ടകം ഗവ കോളേജിൽ നിന്ന് ബിഎസ്‌സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി.2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. കാർത്ത്യായനി, ആരവ് എന്നിവരാണ് മക്കൾ. മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആഘാതത്തിൽ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞു.  മീഥെയ്ന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി. തുരങ്കത്തിലും സമീപത്തും മീഥെയ്ൻ, കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടസമയത്ത് അനീഷ് മോഹനും മറ്റ് ഉദ്യോഗസ്ഥരുമടക്കം 25 പേരാണ് തുരങ്കത്തിലുണ്ടായിരുന്നത്. തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മിക്കുന്ന തുരങ്കമാണു തകര്‍ന്നത്. അണക്കെട്ടില്‍നിന്നു വൈദ്യുതോല്‍പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നു നിര്‍മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്. ഭൂമിക്കടിയില്‍ പാറ തുരക്കുന്നതിനിടെ മീഥൈന്‍ വാതകച്ചോര്‍ച്ച മൂലമുണ്ടായ സ്‌ഫോടനമാണ് തുരങ്കം തകരാന്‍ കാരണമെന്നാണു വിവരം.