മണിമല: മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ ദാമോധരനാചാരിയുടെയും സരളയുടെയും മകൻ സനിൽകുമാർ (ദീപു -44)നെയാണ് മണിമല പഴയിടത്ത് റോഡ് സൈഡിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുനലൂർ-മൂവാറ്റുപുഴ പാതയിൽ മണിമല-പൊൻകുന്നം റോഡിൽ പഴയിടം ചെറുവള്ളി മാന്നാനയ്ക്ക് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മണിക്കൂറുകളോളം നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് കിടക്കുന്നതായി കണ്ടപ്പോൾ ഉറങ്ങുന്നതാകാം എന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. ഏറെനേരമായിട്ടും വാഹനം പോകാതെ വന്നതോടെ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. മണിമല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.
