ഇരുപതു ദിവസത്തിനുള്ളിൽ പാലായില്‍ പുതിയ നഗരസഭാധ്യക്ഷ, കോൺഗ്രസ് വിമതർ നേതൃത്വം നൽകുന്ന ഭരണ സമിതി അധികാരത്തിലേക്ക്! പിന്തുണ നൽകി ഭരണം നിയന്ത്രിക്കാനൊരുങ്


പാലാ: ഏറെനാളായുണ്ടായ കോളിളക്കങ്ങൾക്കൊടുവിൽ പാലാ നഗരസഭയിൽ യു.ഡി.എഫ് ഭരണത്തിന് തിരശ്ശീല വീണെങ്കിലും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ മുന്നണി അധികാരത്തിലേക്ക് എത്തുമെന്ന് സൂചന.

 

 പാലാ നഗരസഭയിൽ പുതിയ നഗരസഭാധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇരുപതു ദിവസത്തിനുള്ളിൽ നടക്കും. കോൺഗ്രസ് വിമതർ നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് പുറത്തുനിന്ന് പിന്തുണ നൽകാനാണ് കേരള കോൺഗ്രസ് എം തീരുമാനം. നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച നാല് കോൺഗ്രസ് കൗൺസിലർമാരെ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കോൺഗ്രസ് പുറത്താക്കിയ നാലു കൗൺസിലർമാരും വൈസ് ചെയർപേഴ്സനും ഉൾപ്പെടുന്നതാണ് പുതിയ മുന്നണി. ഇവർക്ക് പിന്തുണ നൽകി ഭരണം നിയന്ത്രിക്കാനാണ് കേരാളാ കോൺഗ്രസ്സ് എം ഉൾപ്പെടുന്ന ഇടതുപക്ഷത്തിന്റെ തീരുമാനം. കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽ.ഡി.എഫിന് 12 കൗൺസിലർമാരുടെ പിന്തുണയുണ്ട്. ഇവർ പുതിയ മുന്നണിക്ക് പിന്തുണ നൽകുന്നതോടെ 17 അംഗങ്ങളുടെ പിന്തുണയാവും. യു.ഡി.എഫ്. പക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ച കൗണ്‍സിലര്‍മാര്‍ക്ക് അധ്യക്ഷ സ്ഥാനം വിട്ടുനല്‍കി ഭരണം നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് ഇടതുപക്ഷം. അവിശ്വാസത്തിന് മുമ്പുതന്നെ ഈ കൗണ്‍സിലര്‍മാരുമായി ഇതിന് ധാരണയിലെത്തിയിരുന്നു. ഇതനുസരിച്ച് അധ്യക്ഷ സ്ഥാനവും ഉപാധ്യക്ഷ സ്ഥാനവും വിമത കൗണ്‍സിലര്‍മാര്‍ക്ക് വിട്ടുനല്‍കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ നിയന്ത്രണത്തിലാകും നഗരസഭാ ഭരണം. യു.ഡി.എഫ് പക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ചവരില്‍ മുതിര്‍ന്ന അംഗങ്ങളായ മായാ രാഹുല്‍, ലിസിക്കുട്ടി മാത്യു എന്നിവര്‍ക്ക് ഓരോ കാലയളവിലേക്ക് അധ്യക്ഷ സ്ഥാനം നല്‍കാനാണ് സാധ്യത. ഉപാധ്യക്ഷ സ്ഥാനം ടോണി തൈപ്പറമ്പിലും ബിജു മാത്യൂസും നിശ്ചിത കാലാവധിയിൽ പങ്കുവെക്കാനാണ് നീക്കം. വിമത കൗണ്‍സിലര്‍മാരുടെ ഈ നീക്കത്തിന് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ മൗനാനുവാദവുമുണ്ടെന്നാണ് സൂചനകൾ. അതേസമയം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നിയമനടപടി ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിന് മേൽ സമ്മർദം ശക്തമാണ്. സ്വതന്ത്ര മുന്നണിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനാണ് ശ്രമിച്ചതെന്നും കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണം ഉണ്ടാകുമെന്നുമാണ് വിമത കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട്.