കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്തക്ഷാമം. കോട്ടയത്തിനു പുറമെ മറ്റു ജില്ലകളിൽ നിന്നുമുള്ള രോഗബാധിതരും കൂടുതലായി ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഈ അവസ്ഥയിൽ നിസ്സഹായരായി നട്ടംതിരിയുന്നത് സാധാരണക്കാരായ രോഗബാധിതരാണ്.

ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്കിന് സാധാരണക്കാരാണ് പ്രതിദിനം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ വഴി സാധാരണക്കാർക്ക് ലഭ്യമായിക്കൊണ്ടിരുന്ന ജീവൻരക്ഷാ മരുന്നുകൾപോലും ആശുപത്രി സ്റ്റോറിൽ നിന്നും ഇപ്പോൾ ലഭിക്കുന്നില്ല. ആശുപത്രിയിൽനിന്ന് സാധാരണപോലെ രോഗികൾക്ക് മരുന്നുകുറിപ്പ് എഴുതിനൽകുന്നുണ്ട്. എന്നാൽ കുറുപ്പുമായി കാരുണ്യ ഉൾപ്പെടെയുള്ള ആശുപത്രിയിലെ ഫാർമസികളിൽ ചെല്ലുമ്പോൾ മരുന്ന് ലഭ്യമല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. രുന്നുവാങ്ങാൻ എത്തുന്ന കാരുണ്യ ആരോഗ്യ ഇൻഷുറൻസിന്റെയും മറ്റ് ആരോഗ്യ ഇൻഷുറൻസിന്റെയും പരിധിയിൽവരുന്നവരെ മരുന്നില്ല എന്ന് പറഞ്ഞു തിരിച്ചയക്കുകയാണ് ഇപ്പോൾ. ഡയാലിസിസ് മരുന്നുകളായ ഹെപ്പാരിൻ, എറിത്രോപോയിറ്റിൻ റിഫാഗട്ട്– 550, കാർഡിവാസ് മരുന്നുകൾ ഇല്ലാതായിട്ട് രണ്ടു മാസത്തിൽ കൂടുതലായി. രക്തസമർദത്തിനായി രോഗികൾക്ക് നൽകുന്ന അർക്കാമിൻ, നിക്കാർഡെയ്‌ൻ, ഇസോലാസിയൻ, അപസ്മാര രോഗികൾക്കായുള്ള ലവിപ്പിൽ–500 തുടങ്ങി നിരവധി മരുന്നുകളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ ലഭ്യമല്ല. മരുന്നുകളുടെ വിതരണം നിലച്ചത് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്. മെഡിക്കൽ കോളേജിലെ സ്റ്റോറിൽ നിന്നും ഫാർമസികളിൽ നിന്നും മരുന്ന് ലഭിക്കാത്തതോടെ ഉയർന്ന വില നൽകി പുറത്തുനിന്നുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നും മരുന്നുവാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗബാധിതർ.
