കോട്ടയം: കോട്ടയം കൂരോപ്പടയിൽ ഒരു കുടുംബത്തിലെ 4 പേര് കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ മാത്രമോ? മരണകാരണം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

എന്നാൽ ഇവരുടെ ആത്മഹത്യക്ക് പിന്നാലെ പല സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്. കോട്ടയം കൂരോപ്പട ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50), ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) മകൻ അലൻ (12) എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. ജോസ്നയും മരിയ തെരേസ തോമസുമാണ് ആദ്യം മരിച്ചത്. പിന്നാലെ ജോബിയും ചൊവ്വാഴ്ച അലനും ചികിത്സയിൽ തുടരവേ മരണപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തോമസിന്റെ മകള്‍ മരിയ മരിച്ചത്. മകളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മ ജോസ്‌നയും മരണപ്പെടുകയായിരുന്നു. നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ചേപ്പുംപാറ മർത്ത് മറിയം ദേവാലയത്തിൽ നടന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം കൂട്ടത്തോടെ ആത്മഹത്യാശ്രമം നടത്തിയത് എന്നാണു പുറത്തു വരുന്ന വിവരം. ജോസ്‌ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായി പറയപ്പെടുന്നത്. ചിട്ടിയുടെയും മറ്റും പേരിലായി ജോസ്‌ന പണം വാങ്ങിയെന്ന കൂടുതൽ പരാതികൾ പൊലീസിന് കിട്ടിയെന്നാണ് വിവരം. നാലംഗ കുടുംബത്തിന്റെ ആത്മഹത്യയിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആത്മഹത്യ ചെയ്‌ത ജോസ്‌ന ജോലി ചെയ്‌തിരുന്ന സഹകരണ ബാങ്കിനെപ്പറ്റിയും അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആത്മഹത്യക്ക് പിന്നിൽ സഹകരണ സംഘത്തിലെ ക്രമക്കേടുകൾ കാരണമായിട്ടുണ്ടെന്ന തരത്തിൽ പൊതുസമൂഹത്തിൽ ഉയരുന്ന ഗുരുതരമായ ആശങ്കകളുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ് എന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു. ബാങ്കിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവ വെളിച്ചത്തുകൊണ്ടുവരികയും ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കപ്പെടുകയും വേണം എന്നും ഇതിനായി സഹകരണ വകുപ്പിനും ആഭ്യന്തര വകുപ്പിനും പരാതി നൽകിയിട്ടുണ്ട് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ വിടണമെന്നും യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ധനകാര്യ സ്ഥാപനത്തിലെ പാസ്ബുക്കുകൾ, മരണമൊഴി എന്നിവ പൊതുസമക്ഷം വെളിപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.
