സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.


കോട്ടയം: സിക്കിം ടണൽ ദുരന്തത്തിൽ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ(43) മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് മൂന്നു ദിവസം നീണ്ട തെരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്തിയത്.

 

 നാട്ടിൽ നിന്ന് സിക്കിമിലെത്തിയിട്ടുള്ള സഹോദരീ ഭർത്താവ് സനൽ മൃതദേഹം തിരിച്ചറിഞ്ഞു. നാഷണൽ ഹൈഡ‍്രോ പവർ കോർപറേഷനിലെ സീനിയർ ജിയോളജിസ്റ്റാണ് അനീഷ്. ടണലിനുള്ളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ഇതോടെ 22 ആയി. മൂന്നു പേർക്കായി തെരച്ചിൽ തുടരുകയാണ്. കേന്ദ്രസർക്കാരിന് കീഴിലുള്ള എൻഎച്ച്പിസി ഉദ്യോഗസ്ഥനായിരുന്നു. മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാളെ നാട്ടിലെത്തിക്കാനാണ് സാധ്യത. ഓണത്തിന് നാട്ടില്‍ വരാനിരിക്കെയാണ് അനീഷിന്‍റെ വേര്‍പാട്. അനീഷിന്‍റെ ഭാര്യ ഡോക്ടർ സംഗീത, സഹോദരൻ ബിനീഷ് ഉൾപ്പെടെയുള്ളവർ സിക്കിമിൽ എത്തിയിരുന്നു. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഹരിയാനയിൽ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത്. അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വന്നിരുന്നു. സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. സംഭവത്തിൽ ഇതുവരെ 22 പേർ മരിച്ചു. 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ്.ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001- 04ൽ നാട്ടകം ഗവ കോളേജിൽ നിന്ന് ബിഎസ്‌സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി. 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. കാർത്ത്യായനി, ആരവ് എന്നിവരാണ് മക്കൾ. മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആഘാതത്തിൽ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞു.  മീഥെയ്ന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി. തുരങ്കത്തിലും സമീപത്തും മീഥെയ്ൻ, കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടസമയത്ത് അനീഷ് മോഹനും മറ്റ് ഉദ്യോഗസ്ഥരുമടക്കം 25 പേരാണ് തുരങ്കത്തിലുണ്ടായിരുന്നത്. തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മിക്കുന്ന തുരങ്കമാണു തകര്‍ന്നത്. അണക്കെട്ടില്‍നിന്നു വൈദ്യുതോല്‍പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നു നിര്‍മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്. ഭൂമിക്കടിയില്‍ പാറ തുരക്കുന്നതിനിടെ മീഥൈന്‍ വാതകച്ചോര്‍ച്ച മൂലമുണ്ടായ സ്‌ഫോടനമാണ് തുരങ്കം തകരാന്‍ കാരണമെന്നാണു വിവരം.