തുലാപ്പള്ളി: എരുമേലി-ശബരിമല പാതയിൽ തുലാപ്പള്ളിയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം.

തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൊല്ലം ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ(39) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ശബരിമല പാതയിൽ തുലാപ്പള്ളി വട്ടപ്പാറ ആലപ്പാട്ട് കവലയിൽ ആണ് അപകടം ഉണ്ടായത്. തുലാപ്പള്ളിയിൽ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു മറിയുകയായിരുന്നു. നിയന്ത്രണംവിട്ട അഗ്നിരക്ഷാ സേനയുടെ വാഹനം കണമല ഫോറസ്ററ് വകുപ്പിന്റെ വാഹനത്തിലും മൂന്നോളം ഭക്തജന വാഹനങ്ങളിലും ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 6 പേരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തുലാപ്പള്ളി ഭാഗത്ത് റോഡില്‍ വീണ മരം മുറിച്ചുമാറ്റി തിരിച്ചുവരുമ്പോഴാണ് കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടം ഉണ്ടായത്. മൂന്നുദിവസം മുമ്പാണ് നിലയ്ക്കലിലെ താല്‍കാലിക സ്റ്റേഷനില്‍ രഞ്ജിത്ത് ഡ്യൂട്ടിക്ക് എത്തിയത്.
