കോട്ടയം: തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ജൂലൈ 2 മുതൽ ജൂലൈ 06 വരെ കേരളം, മാഹി എന്നിവിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ജൂലൈ 03 ന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 2 മുതൽ ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
