കോട്ടയം: സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകളിൽ എത്തിത്തുടങ്ങി. ആദ്യ ദിവസങ്ങളില്‍ വീടുകളുടെ മാപ്പിംഗാണ് അവര്‍ നടത്തുക. തുടര്‍ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത്. കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര്‍ണവുമായ വിവരങ്ങള്‍ എല്ലാവരും നൽകണം.

നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ മറ്റെവിടെയും പങ്കുവയ്ക്കപ്പെടില്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയം ഉറപ്പാക്കിയിട്ടുണ്ട്. ഓരോ കുടുംബങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഭാവിയിലെ വികസന പദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു സര്‍ക്കാര്‍ പരിപാടി എന്നതിലുപരി ഓരോ പൗരന്‍റെയും ഉത്തരവാദിത്തംകൂടിയാണ് സെന്‍സസ്. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തിയുള്ള വിവരശേഖരണമാണ് ഇത്തവണത്തേത്. കുടുംബങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വയം ഓണ്‍ലൈനില്‍ രേഖപ്പെടുത്താന്‍ അവസരമൊരുക്കിയ സെല്‍ഫ് എന്യുമറേഷന്‍ ചൊവ്വാഴ്ച പൂര്‍ത്തിയായി. ജില്ലയില്‍ 67560 കുടുംബങ്ങൾ സെല്‍ഫ് എന്യുമറേഷന്‍ പൂർത്തിയാക്കിയിരുന്നു. ഭവന സന്ദര്‍ശനത്തിനായി കോട്ടയം ജില്ലയില്‍ 3144 ജീവനക്കാരെയാണ് എന്യുമറേറ്റര്‍മാരായി നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്. പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് ജില്ലയിലെ സെസൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സെന്‍സസ് ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോസ്ഥരുടെ സേവനം തടസപ്പെടുത്തുന്നതും അവരെ യഥാസമയം സെന്‍സസ് ജോലിക്കായി വിട്ടയയ്ക്കാതിരിക്കുകയോ ചെയ്യുന്നതും ഏതെങ്കിലും വിധത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ 19948ലെ സെന്‍സസ് ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. എന്യുമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുമ്പോൾ സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ള കുടുംബങ്ങൾ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി എന്യുമറേറ്റർമാർക്ക് നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റർമാർ വിവര ശേഖരണം പൂർത്തീകരിക്കും. എന്യുമേറഷന് വീടുകളിൽ പോകുന്ന ജീവനക്കാർക്ക് വോളണ്ടിയർമാരുടെ പിന്തുണ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രാദേശിക ജനപ്രതിനിധികൾ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആവശ്യമായ മേഖലകളിൽ പോലീസും വനംവകുപ്പും പിന്തുണ നൽകും.
