കോട്ടയം: തീവ്രന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, വടക്കൻ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടർന്ന് വടക്കൻ ഒഡീഷ, വടക്കൻ ഛത്തീസ്‌ഗഢ്- നു മുകളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 06, 07 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 05 മുതൽ 09 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
