കോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം സംസ്ഥനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കിഴക്കൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള പ്രദേശങ്ങൾക്കും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് മധ്യപ്രദേശിലൂടെയും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശ് പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും തുടർന്ന് ശക്തി കുറയാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
