പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി: ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന്.


പാലാ: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന്.  അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ്‌ കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും. ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്.

 

 പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക്‌ അവിശ്വാസപ്രമേയത്തിന് മുന്നില്‍ നോട്ടീസ് നൽകിയത്. കേരള കോൺഗ്രെസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പിട്ടിരുന്നു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. ഭരണത്തിൽ വരാൻ വേണ്ടിയല്ല രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് ആവിശ്വാസ പ്രമേയം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പ്രതികരിച്ചിരുന്നു. സ്വാതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ആഴ്ച പ്രമേയം പാസാക്കിയിരുന്നു. നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ പുളിക്കക്കണ്ടം കുടുംബത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാസ്സാക്കിയത്. സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായും അവരുമായി യോജിച്ചു പോകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ്സ് കൗൺസിലർമാരുടെ നിലപാട്. എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനം പറയട്ടെയെന്നു സ്വതന്ത്ര മുന്നണി കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു. കോൺഗ്രസ് സംസ്ഥാന, ജില്ല നേതൃത്വമാണു സ്വതന്ത്ര മുന്നണി കൂട്ടായ്മയുമായി നഗരസഭാ ഭരണം സംബന്ധിച്ച് ധാരണയിലെത്തിയത്. അവർ അഭിപ്രായം അറിയിക്കട്ടെയെന്നും ബിനു പറഞ്ഞു. നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെയാണ് വീണ്ടും പാലാ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ ആയത്. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനു നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശനങ്ങൾ ഉടലെടുത്തത്. പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യടേമില്‍ ചേയര്‍പേഴ്‌സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു. 26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാള്‍ കോണ്‍ഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയില്‍ യുഡിഎഫ് ഭരണം പിടിച്ചത്. ഇതിനിടെയുണ്ടായ കയ്യേറ്റ-മോഷണ ആരോപണ പ്രത്യാരോപണങ്ങൾ കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു പരിഹരിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കി വീണ്ടും പ്രശനങ്ങൾ ഉദയം ചെയ്തിരിക്കുന്നത്.