എരുമേലി: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ തിളങ്ങി കോട്ടയം സ്വദേശിനി. മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എരുമേലി സ്വദേശിനിയായ ടെല്‍മ ജോസ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന എന്‍.എച്ച്.എസ് (NHS) വാര്‍ഷിക വിരുന്നില്‍ ആണ് മികച്ച സേവനത്തിനുള്ള നോമിനേഷനിലൂടെ പ്രധാനമന്ത്രിയുടെ വിരുന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം എരുമേലി സ്വദേശിനി ടെൽമയ്‌ക്കൊപ്പം ബാസില്‍ഡണില്‍ നിന്നുള്ള ഷൈനി ബേസിലുമാണ് വിരുന്നിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി നേഴ്‌സുമാർ. എരുമേലി കൊരട്ടി ഉറുമ്പിൽ ജോണിക്കുട്ടിയുടെ ഭാര്യയാണ് ആണ് ടെൽമ. ഡാനാ ജോണും ഡയസ് ജോണും ആണ് മക്കൾ. കുടുംബമായി ബ്രിട്ടനിലാണ് ഇവർ താമസം. നോര്‍വിച് ഹോസ്പിറ്റലില്‍ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുടെ ഓഫീസില്‍ നിന്നും ക്ഷണം എത്തുമ്പോഴാണ് തനിക്ക് നോമിനേഷനുള്ള വിവരം അറിയുന്നത്. എന്‍എച്എസില്‍ 2003ല്‍ ബാന്‍ഡ് അഞ്ചില്‍ തുടങ്ങിയ ടെല്‍മയിപ്പോള്‍ ബാന്‍ഡ് 8എ യിലാണ് എത്തി നില്‍ക്കുന്നത്. ജോലിക്ക് കയറി ആദ്യ പ്രൊമോഷന് 6 വര്‍ഷം കാത്തിരുന്ന ടെല്‍മ അടുത്ത സ്റ്റെപ്പിലേക്ക് എത്താന്‍ രണ്ടു വര്‍ഷമേ എടുത്തുള്ളൂ. ഇടക്കാലത്തു സൗദിയിലേക്ക് പോയ ടെല്‍മ ആറ് വര്‍ഷത്തിന് ശേഷം മടങ്ങി എത്തിയാണ് ഇപ്പോള്‍ ഉയര്‍ന്ന പദവി വരെ എത്തി നില്കുന്നത്. സൗദിയില്‍ നിന്നും മടങ്ങി എത്തുമ്പോള്‍ ടെല്‍മയെ കാത്തിരുന്നത് മേട്രണ്‍ - സൈറ്റ് മാനേജര്‍ പദവി ആയിരുന്നു. സൗദിയില്‍ നഴ്‌സിങ് സൂപ്പര്‍വൈസര്‍ ആയാണ് ആ സമയത്തു ജോലി ചെയ്തിരുന്നത്.
