പാലാ: ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ്. പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ്. അതിനിടെ സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില്‍ അസാധാരണ നീക്കവുമായി ചെയര്‍പേഴ്‌സണ്‍.

തുടരെ ദിവസങ്ങളില്‍ കൗണ്‍സില്‍ യോഗം വിളിച്ചാണ് വിചിത്ര നടപടി. തുടർച്ചയായ നാല് ദിവസമാണ് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുള്ളത്. പതിനാലാം തീയതി മുതല്‍ പതിനേഴാം തീയതി വരെയാണ് തുടര്‍ച്ചയായി യോഗങ്ങളെന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഒരു ദിവസം തീര്‍ക്കാന്‍ കഴിയുന്ന അജണ്ടകളാണ് നാല് ദിവസങ്ങളിലായി വിഭജിച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. അവിശ്വാസം പാസാക്കുമെന്ന് മനസ്സിലായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ വാശി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു. തുടര്‍ ദിവസങ്ങളിലെ കൗണ്‍സില്‍ യോഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ബുദ്ധിമുട്ടെന്നും പ്രതിപക്ഷം പറയുന്നു. എന്നാല്‍, ഇതിനു പിന്നില്‍ തികച്ചും അതിബുദ്ധിപരമായ തന്ത്രപരമായ നീക്കമാണ് പുളിക്കകണ്ടം കുടുംബവും ഭരണവിഭാഗവും നടത്തുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തുടര്‍ച്ചയായ മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ കൗണ്‍സിലര്‍മാര്‍ അയോഗ്യരാക്കപ്പെടുമെന്ന നഗരസഭാ നിയമത്തിലെ നിര്‍ണായക വകുപ്പാണ് ഇവര്‍ ആയുധമാക്കുന്നത്. തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ യോഗം വിളിക്കുന്നതിലൂടെ കോണ്‍ഗ്രസ്, സിപിഎം കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അവരുടെ അംഗത്വം തന്നെ അപകടത്തിലാക്കുക എന്ന മാസ്റ്റര്‍ പ്ലാനാണ് ഇവര്‍ നടപ്പിലാക്കുന്നത്. പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും വിട്ടുനില്‍ക്കല്‍ മുന്നില്‍ക്കണ്ട് തങ്ങളുടെ അധികാരം സംരക്ഷിക്കാനുള്ള ഈ വന്‍ നീക്കം കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായും അവരുമായി യോജിച്ചു പോകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ്സ് കൗൺസിലർമാരുടെ നിലപാട്. കോൺഗ്രസിന്റെ 6 കൗൺസിലർമാരും കോൺഗ്രസ് വിമതയായി വിജയിച്ച വൈസ് ചെയർപഴ്സൻ മായാ രാഹുലും സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചുള്ള കോൺഗ്രസ്സ് പ്രമേയം അവതരിപ്പിച്ചപ്പോൾ പങ്കെടുത്തു. സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ് നീക്കം നടത്തിയിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു എല്‍ഡിഎഫ് നീക്കം. പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തില്‍ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. മുന്‍പ് പലതവണ ജില്ലാ നേതാക്കള്‍ ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ തേടിയത്. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തര്‍ക്കങ്ങള്‍ കാരണം ഭരണം അനായാസമായി മുന്നോട്ട് പോകില്ലെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എംപിയും എംഎല്‍എയും അടക്കമുള്ള സകല നേതാക്കളും ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
