പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി: കോൺഗ്രസ് കൗൺസിലർമാരെ അവഗണിച്ച് യുഡിഎഫ് നേതൃത്വം, കോൺഗ്രസ് ജില്ലാ നേതൃത്വവും യുഡിഎഫ് നേതൃത്വവും മൗനം പാലിക്കുന്നു.


പാലാ: പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകുമ്പോൾ കോൺഗ്രസ് കൗൺസിലർമാരെ അവഗണിച്ച് യുഡിഎഫ് നേതൃത്വം. തുടർച്ചയായി തർക്കങ്ങൾ പതിവാക്കുകയും നഗരസഭയിൽ ഭരണം പ്രതിസന്ധിയിലാകുമ്പോഴും കോൺഗ്രസ് ജില്ലാ നേതൃത്വവും യുഡിഎഫ് നേതൃത്വവും മൗനം പാലിക്കുന്നു.

 

 സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചതായി പാലാ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രമേയം പാസാക്കിയതായി പറയുമ്പോഴും സ്വതന്ത്രമുന്നണിയുമായി ചേര്‍ന്ന് ഭരണം നടത്താന്‍ കെപിസിസി, ഡിസിസി തലത്തില്‍ ഉണ്ടാക്കിയ ധാരണയാണ് എന്നും പിന്തുണ പിൻവലിച്ചെന്ന് പറയാൻ പാലായിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയെ ആര് ചുമതലപ്പെടുത്തിയെന്ന ചോദ്യവുമാണ് നേതാക്കൾ ഉന്നയിക്കുന്നത്. അതേസമയം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പാസാക്കിയെന്നു പറയുന്ന പ്രമേയത്തെ കുറിച്ച് നേതാക്കൾ ഒരക്ഷരവും മിണ്ടുന്നില്ല. നഗരസഭയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് യുഡിഎഫിൽ ചർച്ച ചെയ്യണമെന്നാണ് നേതാക്കളുടെ നിലപാട്. പ്രാദേശികമായി തീരുമാനമെടുക്കുന്നതിനോട് നേതാക്കൾക്കും യോജിപ്പില്ല. അതേസമയം നഗരസഭാ ഭരണം സ്തംഭനത്തിലാണെന്ന് ചൂണ്ടിക്കാട്ടി എത്രയുംവേഗം കൗൺസിൽ യോഗം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ട്. നഗരസഭയിൽ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജി വെയ്ക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായും അവരുമായി യോജിച്ചു പോകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ്സ് കൗൺസിലർമാരുടെ നിലപാട്. കോൺഗ്രസിന്റെ 6 കൗൺസിലർമാരും കോൺഗ്രസ് വിമതയായി വിജയിച്ച വൈസ് ചെയർപഴ്സൻ മായാ രാഹുലും സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചുള്ള കോൺഗ്രസ്സ് പ്രമേയം അവതരിപ്പിച്ചപ്പോൾ പങ്കെടുത്തു. എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനം പറയട്ടെയെന്നു സ്വതന്ത്ര മുന്നണി കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു. കോൺഗ്രസ് സംസ്ഥാന, ജില്ല നേതൃത്വമാണു സ്വതന്ത്ര മുന്നണി കൂട്ടായ്മയുമായി നഗരസഭാ ഭരണം സംബന്ധിച്ച് ധാരണയിലെത്തിയത്. അവർ അഭിപ്രായം അറിയിക്കട്ടെയെന്നും ബിനു പറഞ്ഞു.