കോട്ടയം: കോട്ടയം ജില്ലയിൽ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാനുള്ളത് 2,178 വിദ്യാർഥികൾക്ക്. ജില്ലയിൽ 14095 മെറിറ്റ് സീറ്റുകളിൽ 13411 സീറ്റുകളിലും പ്രവേശനം പൂർത്തിയായിട്ടുണ്ട്. 684 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഇനി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി ബാക്കിയുള്ളത്.

ജില്ലയിലെ വിവിധ സ്‌കൂളുകളിലായുള്ള 1314 മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശനം പൂർത്തിയായില്ല. വിവിധ സംവരണ സീറ്റുകൾ ഒഴിച്ചുള്ളവയിൽ പണം നൽകി പ്രവേശനം നേടാം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട സീറ്റുകൾ ഉൾപ്പെടെ ആകെ 22064 സീറ്റാണ്. 17528 പേർ പ്രവേശനം നേടി. 19706 അപേക്ഷയാണ് ലഭിച്ചത്. വിവിധ വിഭാഗങ്ങളിലായി 4536 സീറ്റിൽ ഒഴിവുണ്ട്. സയൻസ് വിഷയത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 1,199 സീറ്റാണ് ഒഴിവുള്ളത്. ഹ്യൂമാനിറ്റീസ്– 559, കൊമേഴ്സ്– 589 എന്നിങ്ങനെയാണ് എണ്ണം. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതുമൂലം ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും അലോട്ട്മെന്റ്ലഭിച്ചശേഷം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കാം. 13 മുതൽ അപേക്ഷ നൽകാവുന്നതാണ്.
