ചങ്ങനാശ്ശേരി: നാടിന്റെ വികസന കാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അത്യാവശ്യമാണന്നും അവർക്ക് പറയാനുള്ളത് കേൾക്കാൻ അവസരമുണ്ടാകണമെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ചങ്ങനാശ്ശേരി മീഡിയാ വില്ലേജ് സംഘടിപ്പിച്ച വികസന സെമിനാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജലഗതാഗതത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ട ഒരു പ്രദേശമാണ് ചങ്ങനാശ്ശേരി എന്നും വികസന പദ്ധതികളുടെ നടത്തിപ്പിൽ ചുറ്റുമുള്ള നിയോജക മണ്ഡലങ്ങളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും, വാണിജ്യവും വിദ്യാഭ്യാസവും ചരിത്ര പ്രാധാന്യവും ഈ നാടിന്റെ ഉയർച്ചയ്ക്ക് മുതൽ കൂട്ടാണ് എന്നതുകൊണ്ട് ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വാത്സല്യം പദ്ധതിയുടെ ലോഗോ പ്രകാശനവും സ്പീക്കർ നിർവ്വഹിച്ചു. അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനേയും പുതിയ എം എൽ എ വിനു ജോബിനേയും ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യ വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട്, മീഡിയാ വില്ലേജ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ്, ബർസാർ ഫാ. ലിപിൻ തുണ്ടുകളം എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വികസന സെമിനാറിന് ഡോ. റൂബിൾ രാജ് മോഡറേറ്ററായിരുന്നു. വിനോദ സഞ്ചാര സാദ്ധ്യതകളും ചങ്ങനാശ്ശേരി കമ്പോളവും എന്ന വിഷയത്തിൽ അലൻ ജോസഫ് ജെയിംസ്, ചങ്ങനാശ്ശേരിയുടെ വിദ്യാഭ്യാസ ഭാവിയും സാദ്ധ്യതകളും എന്ന വിഷയത്തിൽ ഡോ. ജാൻസൺ ജോസഫ്, മാലിന്യമുക്ത ചങ്ങനാശ്ശേരിയെക്കുറിച്ച് സി. ജെ ജോസഫ്, ചങ്ങനാശ്ശേരിയുടെ വ്യവസായ സാധ്യതകളും മുന്നേറ്റവും എന്ന വിഷയത്തെ ക്കുറിച്ച് റ്റിൻസു മാത്യു, ചങ്ങനാശ്ശേരിയുടെ ഗതാഗത മുൻഗണനകളെക്കുറിച്ച് ജെയ്ക്ക് ജോസഫ്, ചങ്ങനാശ്ശേരിയുടെ കൃഷി ആരോഗ്യ മേഖലകളെ കൂറിച്ച് റ്റിറ്റോ നേര്യംപറമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചകൾക്ക് വിനു ജോബ് എം എൽ എ നേതൃത്വം നൽകി. കൃഷി,ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ സംസ്കരണം, ഗതാഗതം, ടൂറിസം, തുടങ്ങിയ മേഖലകളിൽ പൊതുസമൂഹത്തിന്റെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസന സെമിനാറിൽ ചർച്ച ചെയ്യപ്പെട്ട നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് എംഎൽഎ യ്ക്ക് നൽകുമെന്നും വികസന കാര്യങ്ങളിൽ ജനപങ്കാളിത്തത്തോടെ ഏകോപനം നടത്താൻ മീഡിയാ വില്ലേജ് വേദിയാകുമെന്നും ചർച്ച ചെയ്ത വിഷയങ്ങളുടെ തുടർ ഏകോപനത്തിനായി ഫോള്ളോ അപ്പ് കമ്മറ്റി ഉണ്ടാകുമെമെന്നും എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് പറഞ്ഞു.
