കോട്ടയം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കോട്ടയം മെഡിക്കൽ കോളജ് യൂണിയൻ പിടിച്ച് കെഎസ്‌യു.

ജനാധിപത്യത്തിന്റെ ശക്തമായ തിരിച്ചുവരവാണ് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ഗവ.ഫാർമസി കോളേജിലും നാം കണ്ടത് എന്ന് ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് പറഞ്ഞു. കാമ്പസിനെ ചുവപ്പ് കോട്ടയെന്ന് വിശേഷിപ്പിച്ചവർക്ക് മുന്നിൽ കഠിനാധ്വാനവും ആത്മാർത്ഥതയും കൊണ്ട് ചരിത്രവിജയം എഴുതിച്ചേർത്ത പ്രിയപ്പെട്ട കെ.എസ്.യു പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീഷണികൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ പതറാതെ വിദ്യാർത്ഥിപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പോരാടിയവർ കോൺഗ്രസ് പ്രസ്ഥാനത്തിനാകെ വലിയ ആവേശമാണ് പകരുന്നത് എന്നും നാട്ടകം സുരേഷ് പറഞ്ഞു. ഈ ഐതിഹാസിക വിജയം വിദ്യാർത്ഥി സമൂഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അടയാളമാണ്. വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ച പ്രിയപ്പെട്ടവർക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
